ഗൂഡല്ലൂരില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. മസിനഗുഡിയില്‍ നിര്‍മാണത്തൊഴിലാളിയായ ദിനേശ്കുമാറിനെയാണ് ഭാര്യ കാര്‍ത്യായിനി കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഴത്തോട്ടത്തില്‍ വെച്ചാണ് കാര്‍ത്യായനി ദിനേശ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്
സംഭവത്തില്‍ മസിനഗുഡി പൊലീസ് കേസെടുത്ത് കാര്‍ത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിര്‍മ്മാണജോലിക്കായി ഊട്ടിയില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയും അന്ന് രാത്രി തന്റെ ഭര്‍ത്താവ് മരണപ്പെട്ടു എന്ന് കാണിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മരിച്ച ദിനേശ് കുമാറിന്റെ മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയില്‍ ദിനേശ് കുമാറിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് കാര്‍ത്യായിനിയെ ചോദ്യംചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് കാര്‍ത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.