വാഷിങ്ടണിലെ ജൂത മ്യൂസിയത്തില്‍ അജ്ഞാതന്റെ വെടിവെപ്പ്. രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മ്യൂസിയത്തില്‍ നിന്ന് ഇരുവരും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ക്ലോസ് റേഞ്ചിലായിരുന്നു വെടിവെപ്പ്. ടൂറിസ്റ്റ് സൈറ്റുകള്‍, മ്യൂസിയങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടക്കമുള്ള പ്രദേശത്തായിരുന്നു വെടിവെപ്പ് ഉണ്ടായത്.
എംബസി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുകൊണ്ടാണ് കൊലയാളി എത്തിയത് എന്നാണ് വിവരം. നീല ജീന്‍സും നീല ജാക്കറ്റുമാണ് അക്രമി ധരിച്ചിരുന്നതെന്നാണ് സൂചന. ഇയാള്‍ പൊടുന്നനെ മ്യൂസിയത്തിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഭീഷണികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ മ്യൂസിയത്തിന് കര്‍ശനമായ സുരക്ഷ നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത ആരാധനാലയങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം അറിയിച്ചു. ജൂതവിരുദ്ധത അവസാനിപ്പിക്കണമെന്നും വെറുപ്പിനും ഭീകരതയ്ക്കും യുഎസില്‍ സ്ഥാനമില്ലെന്നും ട്രംപ് പറഞ്ഞു. ജൂതര്‍ക്കെതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനം എന്നാണ് വെടിവെപ്പിനെ ഐക്യരാഷ്ട്രസഭയുടെ ഇസ്രയേലി പ്രതിനിധി വിശേഷിപ്പിച്ചത്. യുഎസ് പൊലീസില്‍ എല്ലാ വിശ്വാസവും ഉണ്ടെന്നും, യുഎസിലെ ജ്യൂവിഷ് വംശജര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും ഇസ്രയേല്‍ എംബസി വക്താവ് പറഞ്ഞു.