ബ്രിട്ടനിലെ ജയിലുകളിലെ ആള്‍ത്തിരക്ക് കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി ലൈംഗിക കുറ്റവാളികളെ ഷണ്ഡീകരിക്കാനും, ആയിരക്കണക്കിന് കുറ്റവാളികളെ ജയില്‍ശിക്ഷയുടെ കാല്‍ശതമാനം അനുഭവിച്ചാല്‍ പുറത്തുവിടാനും ആലോചന. ശിക്ഷാവിധി സംബന്ധിച്ചുള്ള നയങ്ങള്‍ റിവ്യൂ ചെയ്തതില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗേക്ക് നയിച്ച സ്വതന്ത്ര റിവ്യൂവില്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ അമിതമായ തിരക്ക് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് അന്വേഷിച്ചത്. 2028 ആകുന്നതോടെ ജയിലുകളില്‍ നിന്നും 9800 പേരെ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്.
പ്രോഗ്രെഷന്‍ മോഡലാണ് ഇതില്‍ പ്രധാന നിര്‍ദ്ദേശം. ജയിലുകളില്‍ വെച്ച് പെരുമാറ്റം മെച്ചപ്പെടുന്ന കുറ്റവാളികള്‍ക്ക് ശിക്ഷയുടെ കാല്‍ശതമാനം അനുഭവിച്ച് പുറത്തിറങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ശിക്ഷാ കാലയളവ് പരിഗണിച്ച്, കുറ്റകൃത്യം പരിഗണിക്കാതെ പുറത്തുവിടാനുള്ള ഈ രീതി നിലവില്‍ വന്നാല്‍ നാല് വര്‍ഷത്തില്‍ താഴെ ശിക്ഷ നേരിടുന്ന ലൈംഗിക കുറ്റവാളികളും, ഗാര്‍ഹിക പീഡകരും പുറത്തുവരും.
ലൈംഗിക കുറ്റവാളികളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്ന മരുന്ന് നല്‍കിയുള്ള പരീക്ഷണം രാജ്യത്ത് കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കും. നിലവില്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നുണ്ട്. ലൈംഗിക കുറ്റവാളികള്‍ക്ക് ഷണ്ഡീകരണം നിര്‍ബന്ധമായി നല്‍കാനുള്ള പദ്ധതിയും ജസ്റ്റിസ് സെക്രട്ടറി ആലോചിക്കുന്നുണ്ട്.