ജൂലൈ മാസത്തില്‍ എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം; ഗ്യാസ്, വൈദ്യുതി ഉപയോഗത്തിന്റെ വാര്‍ഷിക ബില്ലുകള്‍ 1720 പൗണ്ടിലേക്ക് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് സമാധാനം നല്‍കും

ജൂലൈ മാസത്തില്‍ എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം; ഗ്യാസ്, വൈദ്യുതി ഉപയോഗത്തിന്റെ വാര്‍ഷിക ബില്ലുകള്‍ 1720 പൗണ്ടിലേക്ക് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് സമാധാനം നല്‍കും
എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. എനര്‍ജി റെഗുേലറ്ററായ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ ഊര്‍ജ്ജ ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്.

ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും.

മൂന്ന് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. ജൂലൈയില്‍ 1720 പൗണ്ടിലേക്ക് പ്രൈസ് ക്യാപ്പ് താഴുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പ്രൈസ് ക്യാപ്പ് താഴുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ വാര്‍ത്തയാകുമെന്ന് ഓഫ്‌ജെം മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ ടിം ജാര്‍വിസ് പറഞ്ഞു. അന്താരാഷ്ട്ര ഹോള്‍സെയില്‍ ഗ്യാസിന്റെ വില വ്യത്യാസമാണ് ഈ കുറവിന് സഹായിച്ചത്.

നിലവിലെ പ്രൈസ് ക്യാപ്പ് 1849 പൗണ്ടിലാണ്. ഇത് ജൂണ്‍ 30ന് അവസാനിക്കും. ഫിക്‌സഡ് റേറ്റ് ഡീലുകളിലേക്ക് സ്വിച്ച് ചെയ്ത് കുടുംബങ്ങള്‍ക്ക് ലാഭം കൂട്ടാന്‍ കഴിയുമെന്ന് എനര്‍ജി വിദഗ്ധര്‍ ഉപദേശിക്കുന്നു. ഈ വര്‍ഷം സുപ്രധാനമായ തോതില്‍ നിരക്ക് താഴാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends