നാലു വയസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ചിരുന്നു ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആലുവയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ പോക്‌സോ കേസില്‍ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വര്‍ഷമായി പിതാവിന്റെ സഹോദരന്‍, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ കേസില്‍ പ്രതിയായ പിതൃ സഹോദരന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കേരള മനസാക്ഷിയെ ഞെട്ടിച്ച എറണാകുളം നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണം തുടരുന്നു. ഭര്‍തൃവീട്ടിലെ ഒറ്റപ്പെടലിനെത്തുടര്‍ന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കുട്ടി ലൈംഗിക പീഡനത്തിനിരയയായ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ എറണാകുളം ചെങ്ങമനാട് പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തി. ആദ്യം മൂഴിക്കുളം ജംങ്ഷനില്‍ എത്തിച്ചു. കുഞ്ഞിനെ ഒക്കത്തെടുത്ത് നൂറ് മീറ്റര്‍ അകലെയുള്ള പാലത്തിലേക്ക് നടന്നുപോയത് വാഹനത്തിലിരുന്ന് കാണിച്ചു കൊടുത്തു. തുടര്‍ന്ന് പ്രതിയായ അമ്മയെ പാലത്തിലേക്ക് കൊണ്ടുവന്നു. പാലത്തിന്റെ നടുവില്‍വെച്ച് ചാലക്കുടിപ്പുഴയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞത് യുവതി പൊലീസിനോട് വിശദീകരിച്ചു.
ഭര്‍ത്താവ് വേറെ കല്യാണം കഴിക്കാന്‍ ആലോചിച്ചിരുന്നു. രണ്ടാനമ്മയുടെ കൂടെ തന്റെ മകള്‍ വളരുന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി.