കര്‍ണാടകയില്‍ കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം കിട്ടിയത് റോഡില്‍ റാലി നടത്തി ആഘോഷിച്ച് പ്രതികള്‍. ബൈക്കും കാറുമായി തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ആഘോഷം. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇവര്‍ക്കെതിരെ ഹാവേരി പൊലീസ് കേസെടുത്തു. കര്‍ണാടക ഹാവേരിയിലെ അക്കി ആളൂര്‍ ടൗണില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. 26-കാരിയായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ അക്രമികളാണ് ഇത്തരത്തിലൊരു വിജയാഘോഷം അക്കി ആളൂരില്‍ സംഘടിപ്പിച്ചത്.
2024 ജനുവരി 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ട യുവാവും യുവതിയും ഹനഗലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കാനെത്തിയതായിരുന്നു. ഈ വിവരമറിഞ്ഞാണ് ഏഴ് പേര്‍ ഇവിടെയെത്തി മുറിയിലേക്ക് കയറിച്ചെന്ന് ഇവരെ ഭീഷണിപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമിസംഘം തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. പിറ്റേന്ന് പരാതി നല്‍കിയപ്പോള്‍ പ്രതികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയ യുവതി തിരിച്ചറിയല്‍ പരേഡില്‍ അന്ന് ഇവരെയെല്ലാം തിരിച്ചറിയുകയും ചെയ്തു. പിന്നീട് വിചാരണ തുടങ്ങി 16 മാസത്തിന് ശേഷം ഇവരെ കോടതിയില്‍ വച്ച് തിരിച്ചറിയാന്‍ അതിജീവിതയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഈ ജാമ്യമാണ് ഇവര്‍ നടുറോഡില്‍ പാട്ട് വച്ച് റാലി നടത്തി ആഘോഷിച്ചത്. സംഭവത്തില്‍ ഹാവേരി പൊലീസ് പ്രതികള്‍ക്കെതിരെ മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ഉടന്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യും.