ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് ഇടവകയില്‍ സ്വീകരണം ഒരുക്കുന്നു. മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്കാണ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പം എത്തുന്ന പിതാവിന് സ്വീകരണം ഒരുക്കുന്നത്. ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയില്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പം ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വവര്‍ഷങ്ങളായി കൈക്കാരന്‍മാരായും, ഗാരന്റേഴ്‌സ് ആയും നേതൃത്വം നല്‍കിയ അല്മായരെയും ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിക്കും. സ്നേഹവിരുന്നോടെയായിരിക്കും പരിപാടികള്‍ സമാപിക്കുക.
2010 ജൂലൈ മാസത്തില്‍ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇടവകയുടെ നാള്‍ വഴികളെയും ഇടവകയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചവരെയും പ്രാര്‍ത്ഥനയോടെ സ്മരിക്കുക എന്നത് ഇടവകയുടെ പൊതുവായ ഉത്തരവാദിത്വം ആണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. ചിക്കാഗോയിലെ രണ്ടു ക്‌നാനായ കത്തോലിക്കാ ദൈവാലയങ്ങളുടെയും സ്ഥാപക വികാരിയായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്, ഒന്‍പത് വര്ഷം ഇടവകയെ നയിച്ച ഫാ. മുളവനാല്‍ എന്നിവരടക്കം ഇടവകയില്‍ സേവനം ചെയ്ത വൈദീകരും സന്ന്യസ്തരും ഇടവക ജനത്തോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോയതിന്റെ സല്‍ഫലങ്ങളാണ് ഇന്ന് ഇടവകയുടെ ദര്‍ശിക്കുവാന്‍ സാധിക്കുന്നത് എന്ന അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് നല്‍കുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികള്‍ മികച്ച രീതിയില്‍ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടിയില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടോണി പള്ളിയറതുണ്ടത്തില്‍, മിനി എടകര, ടെസ്സി ഞാറവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെനേതൃത്വത്തിലുള്ള കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കമ്മറ്റി പാരിഷ് കൗണ്‍സില്‍ അംഗങ്ങളോടും വാര്‍ഷികാഘോഷ കമ്മറ്റിയോടുമൊപ്പം, ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
റിപ്പോര്‍ട്ട് അനില്‍ മറ്റത്തിക്കുന്നേല്‍