കാനഡ സ്‌കാര്‍ബറോ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ട സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കെന്നഡി റോഡിന് സമീപം 2300 ലോറന്‍സ് അവന്യൂ ഈസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യന്‍ റസ്‌റ്റൊറന്റിലാണ് തീ പിടിത്തം ഉണ്ടായത്.
റസ്റ്റൊറന്റ് പൂര്‍ണ്ണമായി കത്തിനശിച്ചു. ഒന്നിലധികം പ്രതികള്‍ റസ്റ്റൊറന്റിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. തീ പിടുത്ത സമയത്ത് ചില ജീവനക്കാര്‍ അകത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവ ശേഷം കറുത്ത ഹൂഡികള്‍ ധരിച്ച രണ്ടോ മൂന്നോ പ്രതികള്‍ റസ്റ്റൊറന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
തീപിടിത്തം നടന്ന സമയത്ത് പ്രതികള്‍ സംഭവം സെല്‍ഫോണുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. റസ്‌റ്റൊറന്റ് പുനനിര്‍മ്മിക്കുമെന്ന് റസ്റ്റൊറന്റ് ഉടമകള്‍ അറിയിച്ചു.