ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞു, ഇന്ത്യ പാക് പ്രശനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ട്രംപ്
ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പൂര്‍ണ്ണമായ സംഘട്ടനത്തില്‍ നിന്ന് തടഞ്ഞുവെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുമുള്ള ആളുകളുമായി വ്യാപാരം ചെയ്യാന്‍ കഴിയില്ല എന്ന് അറിയിച്ചുവെന്ന് ട്രംപ് പറഞ്ഞു.
ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജിന്റെ തലവന്‍ സ്ഥാനത്തുനിന്ന് മസ്‌ക് ഒഴിയുകയാണ്. 'ഞങ്ങള്‍ ഇന്ത്യയെയും പാകിസ്ഥാനെയും പോരാടുന്നതില്‍ നിന്ന് തടഞ്ഞു. ഇത് ഒരു ആണവദുരന്തമായി മാറിയേക്കാമായിരുന്നു' ട്രംപ് പറഞ്ഞു. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതിന് തന്റെ നയതന്ത്രത്തെയും ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
'ഇന്ത്യയിലെ നേതാക്കള്‍ക്കും പാകിസ്ഥാനിലെ നേതാക്കള്‍ക്കും എന്റെ ആളുകള്‍ക്കും നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ മറ്റുള്ളവരെ പോരാടുന്നതില്‍ നിന്ന് തടയുന്നുണ്ട്. കാരണം ആത്യന്തികമായി ആരെക്കാളും നന്നായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച സൈന്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളുണ്ട്' യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.