ഷിക്കാഗോ: ക്‌നാനായ സമുദായം മനസ്സില്‍ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ ശക്തമായി കൂടെ നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ മേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഷിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്‌നാനായ സമൂഹം-മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സിറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളില്‍ കൈവിടാതെ കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്‌നാനായ സമൂഹം. അതിനാല്‍ ആ സമൂഹത്തിന്റെ വളര്‍ച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാന്‍ സിറോ മലബാര്‍ സഭ കൂടെ നില്‍ക്കുമെന്ന് ഉറപ്പു നല്‍കുന്നതായി തട്ടില്‍ പിതാവ് പറഞ്ഞു.
മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്,ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേല്‍ പിതാവിന് കൈക്കാരന്‍മാര്‍ ബൊക്കെ നല്‍കി സ്വീകരിക്കുകയും, താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് നയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയര്‍പ്പണം അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, ഫാ. ഫ്രാന്‍സിസ് ഇലവുത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിന്നു.
ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികള്‍ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് കുര്‍ബാനക്കിടെയുള്ള പ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ ആധ്യാത്മിക വളര്‍ച്ചക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂര്‍ണമായും ചേര്‍ന്നു നിന്നുകൊണ്ട് സഭയുടെ വളര്‍ച്ചയ്ക്ക് പങ്കുകാരകുമ്പോള്‍ പരിശുദ്ധാത്മാവ് ശരിയായ രീതിയില്‍ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷം സെന്റ് മേരീസ് ഇടവകയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓര്‍മിക്കുകയും കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും, യത്‌നിക്കുകയും ചെയ്യണമെന്നും പിതാവ് ആഹ്വാനം ചെയ്തു. ഓരോ ആവശ്യങ്ങളിലും, പ്രതിസന്ധികളിലും കൂടെ നില്‍ക്കുകയും, സാമുദായികമായും സഭാപരമായുമുള്ള നിലനില്‍പ്പിന് സഹായിക്കുകയും ചെയ്ത സീറോ മലബാര്‍ സഭയുടെ പിതാക്കന്മാരെയും ചിക്കാഗോ രൂപതയുടെ പിതാക്കന്മാരെയും നന്ദിയോടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ക്ക് ശക്തിപകരുവാനായി തീഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ക്‌നാനായ കാത്തലിക് റീജന്‍ ഡയറക്ടറും വികാരി ജനറലുമായ മോണ്‍. തോമസ് മുളവനാല്‍ ഏവര്‍ക്കും ക്‌നാനായ റീജിയന്റെ പേരില്‍ സ്വാഗതം ആശംസിച്ചു. സിറോ മലബാര്‍ സഭ , പ്രത്യേകിച്ച് പിതാക്കന്മാരായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ ക്‌നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാല്‍ അച്ചന്‍ അനുസ്മരിച്ചു.
ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ സ്വീകരണ സമ്മേളനത്തില്‍ ഔപചാരികമായ സ്വാഗതം ആശംസിച്ചു. സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ വളര്‍ച്ചയില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയ ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് പതിഞ്ചാം വാര്‍ഷികത്തിന്റെ വേളയില്‍ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ പേരെടുത്ത് പരാമര്ശിക്കപെടുന്നവരില്‍ മാര്‍പ്പാപ്പയോഴിച്ച് എല്ലാവരും ഒരേ അള്‍ത്താരയില്‍ അണിനിരന്നുകൊണ്ട് അര്‍പ്പിച്ച ദിവ്യബലി ഈ ഇടവകയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ട് കണക്കാക്കാം എന്ന് അദ്ദേഹം അറിയിച്ചു. ക്‌നാനായ സമൂഹത്തോട് എന്നും സ്‌നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള അഭിവന്ദ്യ മാര്‍ റഫേല്‍ തട്ടില്‍ പിതാവ്, ക്‌നാനായ സമൂഹത്തിന്റെ സഭാപരമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തും എന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല എന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഷിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, ഷിക്കാഗോ സിറോ മലബാര്‍ രൂപത പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബിഷപ്പുമാരായ മാര്‍ ആലപ്പാട്ടും മാര്‍ അങ്ങാടിയത്തും സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15 ാം വാര്‍ഷികത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്റ് മേരീസ് ദൈവാലയത്തിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തില്‍ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ക്‌നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാര്‍ അങ്ങാടിയത്ത് പിതാവ് പറഞ്ഞു. അമേരിക്കയിലെ സിറോ മലബാര്‍ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്‌നാനായ സമൂഹമാണെന്നും അതിനാല്‍ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാര്‍ ആലപ്പാട്ട് പറഞ്ഞു.
ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തില്‍ സെന്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ സമര്‍പ്പണവും അനുസ്മരിക്കുകയുണ്ടായി. ബൈബിളില്‍ പറഞ്ഞിരിക്കുന്നപോലെ ഒരു ഗര്‍ഭിണി തന്റെ പ്രസവവേദന ആരംഭിക്കുമ്പോള്‍ ദുഖിക്കുന്നു, എന്നാല്‍ കുഞ്ഞു പിറന്നു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ഈ ലോകത്ത് ജനിച്ചതോര്‍ത്ത് അവള്‍ സന്തോഷിക്കുന്നു. അതുപോലെയായിരുന്നു തന്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്‌നാനായ ഇടവകകള്‍ക്ക് അദ്ദേഹം രൂപം നല്‍കിയത്. എന്നാല്‍ അതില്‍ അദ്ദേഹം ഏറെ സന്തോഷിക്കുന്നു. പിതാക്കന്മാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആലഞ്ചേരി, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചന്‍ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്‌സിംഗ് കമ്മിറ്റിയിലെ തമ്പി വിരുത്തികുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവരെ അദ്ദേഹം നന്ദിപൂര്‍വം ഓര്‍ത്തു. സിനഗോഗായിരുന്ന കെട്ടിടത്തെ ഒരു കത്തോലിക്കാ ദൈവാലയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സമര്‍പ്പണ ബോധത്തോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഇടവകയുടെ പ്രഥമ ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്, സഹ ട്രസ്റ്റിമാരായിരുന്ന പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, സെക്രട്ടറി സാജു കണ്ണമ്പള്ളി, അക്കൗണ്ടന്റ് ജോയ്‌സ് മറ്റത്തിക്കുന്നേല്‍, പി ആര്‍ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്‌നേഹപൂര്‍വം ഓര്‍മിപ്പിച്ചു. ഒരു ബാങ്കും ദൈവാലയം സ്വന്തമാക്കുവാന്‍ ആവശ്യമായ വായ്പ്പ നല്‍കുവാന്‍ തയ്യാറാകാതെ വന്നപ്പോള്‍, ആ ബാധ്യത സ്വയം ഏറ്റെടുത്ത് ലോണ്‍ ഗ്യാരന്റര്‍മാരായ ജയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പില്‍ എന്നിവരെയും അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. അവരുടെ നന്മയും സന്‍മനസ്സുമാണ് പള്ളിവാങ്ങാന്‍ കാരണമായത് എന്ന് മുത്തോലത്ത് അച്ചന്‍ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വര്‍ഷങ്ങളായി നേതൃത്വം നല്‍കിയ വൈദീകരെയും, സന്ന്യസ്തരെയും, ഇടവകയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും, ഇടവകയുടെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തവരെയും, വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കിയവരെയും ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടിയില്‍, പിആര്‍ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കൈക്കാരന്‍ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടോണി പള്ളിയറതുണ്ടത്തില്‍, മിനി എടകര, ടെസ്സി ഞാറവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.