വാള്‍ട്ട് ഡിസ്നിയുടെ അമ്യൂസ്മെന്റ് പാര്‍ക്കിലെ ഒരു വാട്ടര്‍ സ്ലൈഡില്‍ നിന്ന് പരിക്കേറ്റതിനെത്തുടര്‍ന്ന് 42.7 ലക്ഷം രൂപ (50,000 ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പൗരന്‍. അമ്യൂസ്മെന്റ് പാര്‍ക്കിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യൂജിന്‍ സ്ട്രിക്ലാന്‍ഡ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. 2021 ലാണ് സംഭവം. ഡിസ്നിയുടെ ബ്ലിസാര്‍ഡ് ബീച്ച് വാട്ടര്‍പാര്‍ക്കിലെ ഡൗണ്‍ഹില്‍ ഡബിള്‍ ഡിപ്പറില്‍ നിന്നാണ് അപകടം സംഭവിച്ചത്.
ആ സമയത്ത് 151 കിലോഗ്രാം ഭാരവും റൈഡിന്റെ ഭാര പരിധിയേക്കാള്‍ 13 കിലോഗ്രാം കൂടുതലുമായിരുന്നു ഇയാള്‍. എന്നാല്‍ വാട്ടര്‍ സ്ലൈഡിന്റെ ഡിസൈനും അമിത വേഗതയുമാണ് തനിക്ക് പരിക്ക് പറ്റാന്‍ കാരണമെന്നാണ് യൂജിന്‍ സ്ട്രിക്ലാന്‍ഡ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഇതു കാരണമാണ് സ്ലൈഡിലെ ഇന്നര്‍ ട്യൂബ് അടിയില്‍ നിന്ന് പൊളിഞ്ഞിളകിയതെന്നും പ്ലാസ്റ്റിക് പ്രതലമുള്ള തറയിലേക്ക് ഇടിച്ചു വീണതെന്നും പരാതിയില്‍ പറയുന്നു.
ഗുരുതരമായ ഈ പരിക്ക് തനിക്ക് വേദനയും കഷ്ടപ്പാടും, വൈകല്യവും, രൂപമാറ്റവും, മാനസിക വേദനയും, ജീവിതം ആസ്വദിക്കാന്‍ വരെ കഴിയാത്ത നിലയിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്‌ലോറിഡയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡ് അശ്രദ്ധയാണിതെന്നും സുരക്ഷാ വീഴ്ച്ച വരുത്തിയെന്നും യൂജിന്‍ സ്ട്രിക്ലാന്‍ഡ് പറഞ്ഞു.
അതേ സമയം തെറ്റായ പരാതിയാണിതെന്നും സ്ലൈഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഭാരപരിധിയെക്കുറിച്ച് മിസ്റ്റര്‍ സ്ട്രിക്ലാന്‍ഡ് അറിഞ്ഞിരുന്നോ എന്ന് പരാതിയില്‍ വ്യക്തമല്ലെന്നും വാള്‍ട്ട് ഡിസ്നിയുടെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.
വാള്‍ട്ട് ഡിസ്‌നി വേള്‍ഡിനെതിരെ കേസ് എടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം, ഫ്‌ലോറിഡയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡ് റിസോര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് അലര്‍ജി ബാധിച്ച് കനോക്‌പോര്‍ണ്‍ ടാങ്സുവാന്‍ എന്ന സ്ത്രീ മരിച്ചിരുന്നു.