കാനഡയില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കടുക്കാനിടയില്ലെന്ന് സൂചന. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകളാണ് കാരണം. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, യുഎസ്, കാനഡ തുടങ്ങി ലോകത്തിലെ പ്രമുഖ വ്യാവസായിക സമ്പദ് വ്യവസ്ഥകളുടെ അനൗപചാരിക ഗ്രൂപ്പാണ് ജി7. യൂറോപ്യന്‍ യൂണിയന്‍, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവ ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ട്. ദക്ഷിണാഫ്രിക്ക, യുക്രൈന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള കാനഡയുടെ ക്ഷണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദിയുടെ കാനഡ സന്ദര്‍ശനത്തെ കുറിച്ചു മാത്രമാണ് അനിശ്ചിതത്വം അവശേഷിക്കുന്നത്.
ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇതുവരെ ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം ലഭിച്ചാല്‍ത്തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നും പ്രധാനമന്ത്രിയോടടുത്തുള്ള വൃത്തങ്ങള്‍ സൂചന നല്‍കി.
ഉച്ചകോടിയ്ക്ക് മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നുമാണ് വിവരം. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതും മോദിയുടെ കാനഡ യാത്ര ഒഴിവാക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ കുറിച്ച് സൂചനയില്ലെന്ന് മേയ് മാസത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതില്‍ കാനഡയുടെ പുതിയ ഭരണകൂടത്തിന് താല്‍പര്യമുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി അങ്കിത ആനന്ദ് പ്രതികരിച്ചിരുന്നു.