കീബോര്‍ഡ് വൃത്തിയാക്കുന്ന സ്‌പ്രേ ശ്വസിക്കുന്ന 'ഡസ്റ്റിങ്'ചലഞ്ച് പരീക്ഷിച്ചു;അബോധാവസ്ഥയിലായിരുന്ന 19കാരി മരിച്ചു
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയ 'ഡസ്റ്റിങ്' ചാലഞ്ച് പരീക്ഷിച്ച 19കാരി മരിച്ചു. അരിസോന സ്വദേശിയായ റെന്ന ഓ റോര്‍ക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചലഞ്ച് പരീക്ഷിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്. വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാനായി പലരും ഈ ചലഞ്ച് പ്രചരിപ്പിച്ചിരുന്നു. ഇത് അനുകരിക്കുകയാണ് റെന ചെയ്തത്. ഇതിനെ തുടര്‍ന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ റെന്നയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും പിന്നാലെ മരിക്കുകയുമായിരുന്നു.
'താന്‍ പ്രശസ്തയാകും' എന്ന് റെന്ന എപ്പോഴും പറയുമായിരുന്നുവെന്ന് മാതാപിതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ഈ തരത്തിലാണ് അവളെ കുറിച്ച് എല്ലാവരും അറിഞ്ഞതെന്ന് റെന്നയുടെ പിതാവ് ആരോണ്‍ പറഞ്ഞു.ഇത്തരം സ്പ്രേ വാങ്ങുന്നതിന് കുട്ടികള്‍ക്ക് പോലും തടസ്സമില്ല. തിരിച്ചറിയല്‍ കാര്‍ഡൊന്നും വേണ്ടി വരുന്നില്ലെന്നും റെന്നയുടെ മാതാവ് ഡാന ആരോപിച്ചു. ഇത്തരം സ്പ്രേകള്‍ ഈ തരത്തില്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും മറ്റൊരു കുട്ടിയും ഇനി ഇരയാകരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്പ്രേയിലെ രാസവസ്തുക്കള്‍ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. ഇത് കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും സ്‌കോട്ട്ഡേല്‍ ഒസ്ബോണ്‍ മെഡിക്കല്‍ സെന്റര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തലവന്‍ ഡോ. റാന്‍സി വൈസ് മാന്‍ പറഞ്ഞു.