പൊലീസ് ഉദ്യോഗസ്ഥരുടെയോ സൈനികരുടെയോ മേല്‍ തുപ്പിയാല്‍ ലോസ് ആഞ്ചലസിലെ പ്രതിഷേധക്കാര്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തിനുപിന്നാലെ പ്രദേശത്ത് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
'അവര്‍ ആളുകള്‍ക്കു നേരെ തുപ്പുകയാണ്. അതാണ് പുതിയ കാര്യം. അതിലും മോശമായ കാര്യമുണ്ട്, അവര്‍ എന്താണ് എറിയുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ അല്ലേ? അങ്ങനെ സംഭവിക്കുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും. അവര്‍ തുപ്പും, ഞങ്ങള്‍ അടിക്കും. നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരുടെയോ സൈനികരുടെയോ മുഖത്ത് ആരും തുപ്പാന്‍ പോകുന്നില്ല. തുപ്പിയാല്‍ അവര്‍ക്ക് നല്ല അടി കിട്ടും'- ട്രംപ് പറഞ്ഞു. ന്യൂജേഴ്സിയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താനായി രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് ഭരണകൂടം പ്രദേശത്ത് വിന്യസിച്ചത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് സ്ഥലത്ത് നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചത്.
വെളളിയാഴ്ച്ച നടന്ന റെയ്ഡില്‍ 44 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിനുശേഷമാണ് ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് തൊഴിലാളികളെ നിയമിക്കുന്നു എന്ന ആരോപണത്തിന്റെ പേരിലായിരുന്നു റെയ്ഡുകള്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപേരെ അറസ്റ്റ് ചെയ്തു. ട്രംപിന്റെ ഈ നീക്കം മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം കുറ്റപ്പെടുത്തി. പൊതുസുരക്ഷയേക്കാള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്നും ഗവിന്‍ പറഞ്ഞു.