യുക്രെയ്‌നില്‍ വീണ്ടും റഷ്യന്‍ ഡ്രോണ്‍ ആക്രമണം; റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് യുക്രെയ്ന്‍
ചൊവ്വാഴ്ച പുലര്‍ച്ചെയും യുക്രെയ്‌നെതിരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തെക്കന്‍ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാര്‍ഡിന് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ന്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങള്‍ അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രെയ്‌ന്റെ അവകാശവാദം. 76 യുക്രെയ്ന്‍ ഡ്രോണുകള്‍ തകര്‍ത്തതായാണ് റഷ്യന്‍ സൈന്യത്തിന്റെ അവകാശവാദം.
തിങ്കളാഴ്ച പുലര്‍ച്ചെ റഷ്യ യുക്രെയ്‌നെതിരെ യുദ്ധ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. നാനൂറിലേറെ ഡ്രോണുകളാണ് തിങ്കളാഴ്ച യുക്രെയ്‌നെതിരെ റഷ്യ തൊടുത്തുവിട്ടത്. ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷാ സങ്കേതത്തില്‍ അഭയം തേടാന്‍ ആളുകളോട് സൈന്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ നടന്ന റഷ്യന്‍ ആക്രമണങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല.