യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; പ്രതികരണവുമായി എംബസി

യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; പ്രതികരണവുമായി എംബസി
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ വിമാനത്താവളത്തില്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ നാടുകടത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആള്‍ക്കൂട്ടത്തില്‍ വെച്ച് പൊലീസുകാര്‍ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുകയായിരുന്നു.

നാല് പൊലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ ബലം പ്രയോഗിച്ച് നിലത്തേക്ക് ചേര്‍ത്ത് അമര്‍ത്തുന്നത്. രണ്ട് പൊലീസുകാര്‍ കാല്‍മുട്ട് യുവാവിന്റെ ശരീരത്തില്‍ വെച്ച് അമര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാം. തുടര്‍ന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിച്ചു. നാടുകടത്തപ്പെടുന്ന വിദ്യാര്‍ത്ഥിയെ ക്രിമിനലിനെ പോലെയാണ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തതെന്ന് വീഡിയോ ചിത്രീകരിച്ച കുനാല്‍ ജെയിന്‍ പ്രതികരിച്ചു. ഒരു പ്രവാസി എന്ന നിലയില്‍ താന്‍ ഏറെ വേദനിച്ചെങ്കിലും നിസഹായനായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

'ഏകദേശം അമ്പതോളം പേര്‍ അടുത്തുണ്ടായിരുന്നു. യുവാവിന് എന്തോ മാനസിക പ്രശ്‌നമുള്ളത് പോലെ തോന്നി. തങ്ങള്‍ക്ക് ഹിന്ദി അറിയില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ യുവാവ് ഹരിയാന്‍വി ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് സഹായിക്കാന്‍ കഴിയുമെന്ന് തോന്നി അടുത്തേക്ക് ചെന്നു. ഇയാള്‍ പറയുന്നതെന്താണെന്ന് മനസിലാക്കാന്‍ ഞാന്‍ സഹായിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അത് അംഗീകരിച്ചില്ല. പകരം കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തുകയാണ് ചെയ്തത്. യുവാവിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് പൈലറ്റ് പറഞ്ഞു. ഇതോടെ നിലത്തേക്ക് തള്ളിയിട്ട് കൈയും കാലും കെട്ടുകയായിരുന്നു' - കുനാല്‍ വിശദീകരിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തി. നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇന്ത്യക്കാരന് ബുദ്ധിമുട്ടായെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെന്നും ഇക്കാര്യത്തില്‍ പ്രദേശിക അധികൃതരുമായി ബന്ധപ്പെടുകയാണെന്നുമാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം. ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും കോണ്‍സുലേറ്റ് വിശദീകരിച്ചു.

Other News in this category



4malayalees Recommends