വിമാനം ഉയര്‍ന്ന് 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വലിയ ശബ്ദം കേട്ടു, ഓടിയപ്പോള്‍ ചുറ്റും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹങ്ങളായിരുന്നു ; വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ പറയുന്നു

വിമാനം ഉയര്‍ന്ന് 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വലിയ ശബ്ദം കേട്ടു, ഓടിയപ്പോള്‍ ചുറ്റും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹങ്ങളായിരുന്നു ; വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ പറയുന്നു
'എല്ലാം വളരെ പെട്ടെന്നായിരുന്നു. വിമാനം ഉയര്‍ന്ന് 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വലിയ ശബ്ദം കേട്ടു. പിന്നാലെ വിമാനം തകര്‍ന്ന് വീണു.' അഹമ്മദാബാദ് വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരനായ രമേശ് വിസ്വാഷ് കുമാര്‍ മാധ്യമങ്ങളോട് തന്റെ അനുഭവം വിവരിക്കുമ്പോഴും മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളുടെ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടുണ്ടായിരുന്നില്ല.

സഹോദരനൊപ്പം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രമേശ്. പുറപ്പെട്ട് നിമിഷങ്ങള്‍ക്കം വിമാനം ഭീകര ശബ്ദത്തോടെ തകര്‍ന്ന് വീഴുകയായിരുന്നു. എന്നാല്‍ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെട്ട രമേശ് കണ്ണ് തുറന്നപ്പോള്‍ കണ്ടത് തനിക്ക് ചുറ്റും കിടക്കുന്ന തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ചേതനയറ്റ ശരീരങ്ങളാണ്.

'ഞാന്‍ എഴുന്നേറ്റപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു. ഞാന്‍ എഴുന്നേറ്റു ഓടി. വിമാനത്തിന്റെ കഷണങ്ങള്‍ എന്റെ ചുറ്റും ഉണ്ടായിരുന്നു. ഓടുന്നതിനിടയില്‍ ആരോ എന്നെ പിടിച്ചു ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.' രമേശ് പറഞ്ഞു. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. തനിക്കൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു.

വലിയ പരിക്കുകളില്ലാത്ത രമേശ് നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്.

Other News in this category



4malayalees Recommends