ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ 290 ല്‍ അധികം പേര്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ജീവനക്കാര്‍ അടക്കം 265 പേര്‍ അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ രൂപീകരിക്കും. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ സംഭവ സ്ഥലത്തെത്തി.
അതേസമയം തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാ?ഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്. അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദര്‍ശിക്കുന്നു. അപകടത്തില്‍ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുന്നുണ്ട്.