പുറപ്പെട്ടത് ലണ്ടനിലുള്ള മകനെ കാണാന്‍; മരണത്തിലും വൃദ്ധദമ്പതികള്‍ ഒരുമിച്ച്; നോവായി മഹാദേവും ആശാ പവാറും

പുറപ്പെട്ടത് ലണ്ടനിലുള്ള മകനെ കാണാന്‍; മരണത്തിലും വൃദ്ധദമ്പതികള്‍ ഒരുമിച്ച്; നോവായി മഹാദേവും ആശാ പവാറും
അഹമ്മദാബാദില്‍ ഇടിച്ചിറങ്ങിയ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ സോലാപ്പൂരില്‍ നിന്നുള്ള വൃദ്ധ ദമ്പതികളും. സോലാപ്പൂര്‍ സ്വദേശികളായ മഹാദേവും ആശാ പവാറുമാണ് അപകടത്തില്‍ മരിച്ചത്. സംഗോള തഹസില്‍ ഹദിത് ഗ്രാമത്തില്‍ നിന്നും ഇവര്‍ ലണ്ടനിലെ തന്റെ മകന്റെ അടുത്തേക്ക് യാത്ര തിരിച്ചതായിരുന്നു.

അപകടം നടന്ന ഇന്നലെ മഹാദേവിന്റെ ബന്ധുവാണ് ഇവരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിച്ചത്.

മകന്റെ അടുത്തേക്ക് യാത്ര തിരിക്കുന്നതിനായി വളരെസന്തോഷത്തോടെ ആയിരുന്നു വൃദ്ധ ദമ്പതികള്‍ യാത്ര തിരിച്ചത്. വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ ഫോട്ടോകള്‍ എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ദമ്പതികളെ വിമാനത്താവളത്തില്‍ ആക്കിയ ശേഷം തിരികെ തങ്ങള്‍ വീട്ടിലേക്ക് പോന്നിരുന്നു. എന്നാല്‍ വിമാനം തകര്‍ന്നുവെന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് എത്തിയെന്നുമാണ് ദമ്പതികളുടെ ബന്ധുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവ സ്ഥലത്തെ കനത്ത സുരക്ഷ കാരണം അപകടം നടന്ന സ്ഥലത്തേക്ക് കടക്കാന്‍ സാധിച്ചിരുന്നില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് വിമാനാപകടത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചതായി സങ്കോളയിലെ തഹസില്‍ദാര്‍ സന്തോഷ് കപസെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വിമാനാപകടത്തില്‍ മരിച്ച മഹാദേവ് കഴിഞ്ഞ 40വര്‍ഷമായി ഗുജറാത്തിലായിരുന്നു. അവിടെ ഒരു കോട്ടണ്‍ മില്ലില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പത്ത് വര്‍ഷം മുന്‍പാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഇവരുടെ കുടുംബത്തിലെ ആറ് സഹോദരന്‍മാരില്‍ മൂത്തയാളാണ് വിമാനാപകടത്തില്‍ മരിച്ച മഹാദേവ്.

Other News in this category



4malayalees Recommends