മക്കള്‍ക്കും കാന്‍സര്‍ രോഗിയായ അമ്മയ്ക്കുമൊപ്പം ഇനി കഴിയാമെന്ന സ്വപ്‌നമായിരുന്നു രഞ്ജിതയ്ക്ക്. നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കും മുമ്പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണ് പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായര്‍ (40) അപകടത്തില്‍പ്പെട്ടത്. 28ന് പാലുകാച്ചല്‍ ചടങ്ങും ഓണത്തോടനുബന്ധിച്ച് ഗൃഹപ്രവേശനവും നടത്താനിരിക്കുകയായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നാഴ്‌സായി ജോലി നോക്കിയിരുന്ന രഞ്ജിത അഞ്ചു വര്‍ഷത്തെ അവധിയിലാണ് വിദേശത്തുപോയത്. ഒമാനിലെ മസ്‌കത്ത് എസ്‌ക്യൂ എച്ച് ആശുപത്രിയിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്തംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അവധി കാലാവധി അവസാനിക്കാറായതോടെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലണ്ടനിലെ ജോലി സ്ഥലത്തു നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഇന്നലെ അഹമ്മദാബാദില്‍ നിന്ന് വിമാനം കയറിയത്.
വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളില്‍ സ്വയംസാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചല്‍ ചടങ്ങ് പോലും തീരുമാനിച്ചു.
ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടില്‍ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെ വിയോഗ വാര്‍ത്തയാണ് കുടുംബത്തെ തേടി എത്തിയതു. പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക. വിവാഹമോചിതയായ രഞ്ജിതയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. അതിനായി സഹോദരന്‍ അഹമ്മദാബാദിലേക്ക് തിരിക്കും.