എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതോടെ പൂര്‍ണ്ണമായി ഇല്ലാതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങള്‍; അഹമ്മദാബാദിലെ അപകടത്തില്‍ മരണം 265 ആയി; വിമാനം പറന്ന് 11-ാം സെക്കന്‍ഡില്‍ ക്യാപ്റ്റന്റെ മേയ് ഡേ കോള്‍; രക്ഷപ്പെട്ട ഏക വ്യക്തിയും ബ്രിട്ടീഷ് പൗരന്‍

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതോടെ പൂര്‍ണ്ണമായി ഇല്ലാതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങള്‍; അഹമ്മദാബാദിലെ അപകടത്തില്‍ മരണം 265 ആയി; വിമാനം പറന്ന് 11-ാം സെക്കന്‍ഡില്‍ ക്യാപ്റ്റന്റെ മേയ് ഡേ കോള്‍; രക്ഷപ്പെട്ട ഏക വ്യക്തിയും ബ്രിട്ടീഷ് പൗരന്‍
അഹമ്മദാബാദില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരാണ് മരിച്ചത്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായെന്നതാണ് ഞെട്ടല്‍ സമ്മാനിക്കുന്നത്.

ഗ്ലോസ്റ്ററില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് അകീല്‍ നാനാബാവ (36), ഭാര്യ ഹനാ (30), ഇവരുടെ നാല് വയസ്സുള്ള മകള്‍ സാറ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്താന്‍ഡ് വെല്ലിംഗ്ബറോയില്‍ നിന്നുള്ള 55-കാരി റാക്‌സാ മോധ, ഇവരുടെ രണ്ട് വയസ്സുള്ള പേരക്കുട്ടി രുദ്ര എന്നിവരും വിമാനാപകടത്തില്‍ മരിച്ചു. ബെസ്റ്റ് വെസ്റ്റേണ്‍ കെന്‍സിംഗ്ടണ്‍ ഒളിംപ്യ ഹോട്ടലില്‍ മാനേജറായിരുന്ന ജാവേദ് അലി സയെദ്, ഇദ്ദേഹത്തിന്റെ ഭാര്യ മറിയം, രണ്ട് ചെറിയ കുട്ടികള്‍ എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.

ലണ്ടനില്‍ നിന്നുള്ള നാട്ടില്‍ മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി മടങ്ങുകയായിരുന്ന സഹോദരങ്ങളായ ധിര്‍, ഹീര്‍ ബാക്‌സി എന്നിവരും തകര്‍ന്ന വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. വെല്‍നെസ് സെന്റര്‍ നടത്തുന്ന ഫിയോംഗല്‍, ജാമി ഗ്രീന്‍ലോ മീക്ക് എന്നിവരും ഇതില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര മികച്ചതായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ട് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് മരണം തേടിയെത്തിയത്.

ലണ്ടന്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. 53 ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ യാത്രക്കാരുമായി പറന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിനാണ് ദുരന്തം നേരിട്ടത്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിലേക്ക് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഇവിടെ ഇരുപത്തഞ്ചോളം പേര്‍ക്ക് ജീവഹാനി നേരിട്ടിട്ടുണ്ട്.

സഹോദരനൊപ്പം സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍ വിശ്വാഷ് കുമാര്‍ രമേഷാണ് രക്ഷപ്പെട്ട ഏക വ്യക്തി. വിമാനം ടേക്ക് ഓഫ് ചെയ്ത് 30 സെക്കന്‍ഡിനകത്ത് വലിയ ശബ്ദം കേട്ടതായി വിശ്വാഷ് പറയുന്നു. എല്ലാം പെട്ടെന്നായിരുന്നു. പരുക്കേറ്റെങ്കിലും മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഓടി, ഇദ്ദേഹം വ്യക്തമാക്കി.

വിമാനം ഇടിച്ചുവീഴുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പ് എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ മേയ്‌ഡേ സന്ദേശം നല്‍കിയിരുന്നു. പറന്നുയര്‍ന്ന് 11-ാം സെക്കന്‍ഡില്‍ വിമാനത്തിന് പവര്‍ നഷ്ടമാകുന്നതായി ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദുരന്തം ഒഴിവാക്കാന്‍ ഉതകുന്നതൊന്നും അദ്ദേഹത്തിന് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നില്ല.


Other News in this category



4malayalees Recommends