തെറ്റിദ്ധരിച്ചുകൊണ്ടുള്ള അറസ്റ്റ് ; നടപടിക്കിടെ 42കാരന്റെ കഴുത്തില്‍ കാല്‍മുട്ട് വച്ചമര്‍ത്തിയെന്ന് ഭാര്യ , ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജന്റെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം
അറസ്റ്റിനിടെ പൊലീസുകാരുടെ അതിക്രമം. പരിക്കേറ്റ ഇന്ത്യന്‍ വംശജന് ഓസ്‌ട്രേലിയയില്‍ ദാരുണാന്ത്യം. 42കാരന്റെ മരണം കസ്റ്റഡി മരണമെന്ന നിലയില്‍ അന്വേഷണം ആരംഭിച്ചു. ഗൗരവ് കണ്ടി എന്ന ഇന്ത്യന്‍ വംശജനാണ് മെയ് 29ന് അഡലെയ്ഡിലെ റോയ്സ്റ്റണ്‍ പാര്‍ക്കില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനിടെ അവശനിലയിലായി പ്രതികരിക്കാതിരുന്ന 42 കാരനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഗൗരവ് റോയല്‍ അഡലെയ്‌സ് ആശുപത്രിയില്‍ വച്ച് മരിച്ചതെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് വിശദമാക്കുന്നത്. രണ്ട് ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യന്‍ വംശജന്റെ ദാരുണാന്ത്യം.
ഭര്‍ത്താവിന്റെ തല അറസ്റ്റിനിടെ പൊലീസുകാര്‍ തറയിലും കാറിന്റെ ഡോറിലും ഇടിപ്പിച്ചതായാണ് ഗൗരവിന്റെ ഭാര്യ അമൃത്പാല്‍ കൗര്‍ ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ട് വച്ച് അമര്‍ത്തിയതിന് പിന്നാലെയാണ് താന്‍ ഒന്നും ചെയ്തിരുന്നില്ല എന്ന് നിലവിളിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ ചലനമറ്റതെന്നും അമൃത്പാല്‍ കൗര്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാര്‍ സംഭവിച്ച് ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് രണ്ട് ആഴ്ച ചികിത്സയില്‍ കഴിഞ്ഞത്. തലച്ചോര്‍ പൂര്‍ണമായി നിലച്ച നിലയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു.
മദ്യപിച്ചതിന് ശേഷം താനുമായി തര്‍ക്കിച്ചത് ഗാര്‍ഹിക പീഡനമായി കണ്ടാണ് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതെന്നാണ് അമൃത്പാല്‍ കൗര്‍ ആരോപിക്കുന്നത്. മദ്യപിച്ച ശേഷം വീടിന് പുറത്തേക്ക് പോവുന്നതിനേ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് ഭാര്യ പകര്‍ത്തിയ വീഡിയോയില്‍ ഉണ്ടായിരുന്നു. ഗൗരവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതോടെ താന്‍ വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്തിയെന്നാണ് അമൃത്പാല്‍ കൗര്‍ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയില്‍ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പിന്നാലെ ഇറക്കിയ പ്രസ്താവനയിലും വിശദമാക്കിയത്. എന്നാല്‍ ഗൗരവിനെ നിലത്ത് തള്ളിയിട്ടതായും കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതായുമുള്ള ആരോപണം പൊലീസ് നിഷേധിച്ചു. പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറയിലെ ദൃശ്യങ്ങളില്‍ ഇത്തരം അക്രമ ദൃശ്യങ്ങളില്ലെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് വിശദമാക്കിയത്. ഗൗരവ് കണ്ടിയെ റോഡില്‍ ബലമായി പൊലീസ് തള്ളിയിടുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. താനും തന്റെ പങ്കാളിയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗൗരവ് നിലവിളിക്കുന്നും വിഡിയോയിലുണ്ട്. ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാര്‍ഹിക പ്രശ്‌നങ്ങളാണ് പൊലീസ് ഇടപെടാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത സമയത്ത് അറസ്റ്റില്‍ നേരിട്ട് ഇടപെട്ട പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറ വീണുപോയതായും സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് പ്രസ്താവനയില്‍ വിശദമാക്കിയിട്ടുണ്ട്.