സ്വന്തം ജീവന്‍ നഷ്ടമാക്കി ടൂറിസ്റ്റുകളെ സംരക്ഷിച്ച ആദില്‍ ഹുസൈന്‍ ഷായുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റ് മരിച്ച കുതിരസവാരിക്കാരിക്കാരന്‍ ആദില്‍ ഹുസൈന്‍ഷായുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ആദില്‍ഷായുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഭാര്യ ഗുല്‍നാസ് അക്തറിന് ജോലി സ്ഥിരീകരിച്ച കത്ത് കൈമാറിയത്. ആദില്‍ ഷായുടെ കുടുംബവുമായും പ്രദേശവാസികളുമായും മനോജ് സിന്‍ഹ ഏറെ നേരം സംസാരിച്ചു. സ്വന്തം ജീവന്‍ ബലി നല്‍കി ടൂറിസ്റ്റുകളെ സംരക്ഷിച്ച ആദില്‍ ഷായോടുള്ള ആദരത്തിന്റയും സ്നേഹത്തിന്റെയും കടപ്പാടിന്റെയും സൂചകമായാണ് ഭാര്യയ്ക്ക് ജോലി നല്‍കിയതെന്നാണ് മനോജ് സിന്‍ഹ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആദില്‍ഷായുടെ ഭാര്യ ഗുല്‍നാസ് അക്തറിന് സ്വദേശമായ അനന്ത്നാഗിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിലാണ് സ്ഥിരജോലി ലഭിച്ചിരിക്കുന്നത്. ആദില്‍ഷായുടെ കുടുംബവുമായും പ്രദേശവാസികളുമായും സംസാരിച്ച മനോജ് സിന്‍ഹ പ്രദേശത്തെ കൂടുതലാളുകള്‍ക്ക് ഉടന്‍ ജോലിയും അവസരങ്ങളും നല്‍കുമെന്നും അതിന്റെ ചര്‍ച്ചയിലാണെന്നും പറഞ്ഞു. വീരമൃത്യു വരിച്ച ആദില്‍ഷായുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജോലി അനുവദിച്ചതിന് ആദില്‍ ഷായുടെ ഭാര്യ സര്‍ക്കാരിന് നന്ദി അറിയിച്ചു.
ഏപ്രില്‍ 22 നാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പഹല്‍ഗാമില്‍ വിനോദസഞ്ചാരത്തിനെത്തിയ ടൂറിസ്റ്റുകളെ ഭീകരര്‍ കൊലപ്പെടുത്തിയത്. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദില്‍ ഹുസൈന്‍ ഷായ്ക്ക്. അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ പകച്ചുനിന്നപ്പോള്‍ ആദില്‍ ഭീകരന്റെ റൈഫിള്‍ തട്ടിമാറ്റി അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു ഭീകരന്‍ ആദില്‍ ഹുസൈന്‍ ഷായ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.