ഗാസയിലെ വംശഹത്യയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്; രൂക്ഷമായി വിമര്‍ശിച്ച് എര്‍ദൊഗാന്‍
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദൊഗാന്‍. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും എര്‍ദൊഗാന്‍ പ്രതികരിച്ചു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേല്‍ നടപടികള്‍ മിഡില്‍ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘര്‍ഷ മേഖലയില്‍ രക്തച്ചൊരിച്ചിലോ നാശമോ കാണാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും എര്‍ദൊഗാന്‍ വ്യക്തമാക്കി.
ഇസ്രയേല്‍ ഒരു പ്രദേശത്തെ മുഴുവന്‍ തീയിലേക്ക് വലിച്ചിഴയ്ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് ഇറാന്‍ പ്രധാനമന്ത്രി മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ആശയവിനിമയത്തില്‍ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിലൂടെ ആണവ ചര്‍ച്ചകള്‍ അട്ടിമറിക്കാനും ഇസ്രയേല്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്റെ കൊള്ള അവസാനിപ്പിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് എക്‌സില്‍ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിലൂടെ ഗാസയിലെ വംശഹത്യയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇസ്രയേലിന് കഠിനമായ ശിക്ഷ നല്‍കാന്‍ ഇറാന്‍ പ്രതിജ്ഞ എടുത്തു. ഇസ്രയേലിന്റെ ആക്രമണം നിര്‍ത്തുന്നതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെടുന്നതായും തുര്‍ക്കി അറിയിച്ചു.
ആണവ തര്‍ക്കത്തിനുള്ള ഏക പരിഹാരം നയതന്ത്ര നടപടികളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തുര്‍ക്കി അറിയിച്ചതായും റജബ് തയ്യിപ് എര്‍ദൊഗാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താനയില്‍ പറയുന്നു. തര്‍ക്കം പരിഹരിക്കുന്നതിനായി ആണവ ചര്‍ച്ചകള്‍ തുടരണമെന്ന യുഎസ് തീരുമാനത്തെ തുര്‍ക്കി പിന്തുണയ്ക്കുന്നു. അനിയന്ത്രിതമാകുന്ന പിരിമുറുക്കം തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നതിനുള്ള സന്നദ്ധതയും പ്രസ്താവനയിലൂടെ തുര്‍ക്കി പങ്കുവെച്ചു. ട്രംപുമായി തുര്‍ക്കി പ്രസിഡന്റ് ടെലിഫോണില്‍ സംസാരിച്ചതായും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും തുര്‍ക്കിയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. താമസിക്കാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കണമെന്ന് നേരത്തെ ട്രംപും ആവശ്യപ്പെട്ടിരുന്നു. ഇന്ന് മസ്‌കറ്റില്‍ വെച്ച് നടത്താനിരുന്ന ഇറാന്‍-അമേരിക്ക ചര്‍ച്ച മാറ്റി വെച്ചിരുന്നു.
സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും തയ്യിപ് എര്‍ദൊഗാന്‍ സംസാരിച്ചു.