സബ്സിഡിയില്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ച് പോകേണ്ടിവന്നേനെ: ആഞ്ഞടിച്ച് ട്രംപ്

സബ്സിഡിയില്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ച് പോകേണ്ടിവന്നേനെ: ആഞ്ഞടിച്ച് ട്രംപ്
ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ ഇലോണ്‍ മസ്‌ക് വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നല്‍കിയത്. മറ്റാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സബ്‌സിസികള്‍ മസ്‌കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും ട്രംപ് വിമര്‍ശിച്ചു.

'റോക്കറ്റ്, സാറ്റ്ലൈറ്റ് ലോഞ്ചുകള്‍ വേണ്ട, വൈദ്യുതി കാര്‍ നിര്‍മാണവും ഒന്നും വേണ്ട. വലിയപണം ഇതില്‍നിന്ന് ലാഭിക്കാം. 'ഡോജി'നോട് ഇക്കാര്യം ഒന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായാല്‍ താന്‍ ഉടനെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാര്‍ട്ടികളല്ലാതെ ഒരു ബദല്‍ വേണമെന്നും എങ്കിലേ ജനങ്ങള്‍ക്കും ശബ്ദിക്കാനാകൂ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ 'കടം അടിമത്ത ബില്‍' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയര്‍ത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സര്‍വേയും നടത്തിയിരുന്നു.

ഉടന്‍ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ 'ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തന്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നിയമനിര്‍മ്മാണത്തെ കണക്കാക്കുന്നത്. തുടര്‍ന്ന് ജെഫ്രി എപ്സ്റ്റീന്‍ ലൈംഗികാരോപണ കേസുമായി ട്രംപിനെ ബന്ധപ്പെടുത്തി മസ്‌ക് രംഗത്തുവന്നിരുന്നു. ഇരുവരും പരസ്പരം രൂപക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends