നിങ്ങള്‍ ശബ്ദിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരും, ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി

നിങ്ങള്‍ ശബ്ദിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരും, ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനി. ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി പറഞ്ഞു. ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

നിങ്ങള്‍ ശബ്ദിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരുമെന്നും മംദാനി പറഞ്ഞു. ' അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും പൗരത്വം എടുത്തുകളയുമെന്നും തടങ്കല്‍ പാളയത്തില്‍ അടക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. ഏതെങ്കിലും നിയമം ലംഘിച്ചതിനല്ല ഈ ഭീഷണി, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനെ (ഐസിഇ) അനുവദിക്കില്ലെന്ന് പറഞ്ഞതിനാണ്', അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദമിനെ ട്രംപ് പ്രശംസിച്ചതിനെതിരെയും മംദാനി രംഗത്തെത്തി. ട്രംപിന്റെ പിന്തുണയില്‍ അതിശയമൊന്നുമില്ലെന്നും ഈ മേയറുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'റിപ്പബ്ലിക്കന്മാര്‍ സാമൂഹ്യ സുരക്ഷാ വലയം തകര്‍ക്കാനും ദശലക്ഷക്കണക്കിന് ന്യൂയോര്‍ക്ക് നിവാസികളെ ആരോഗ്യസംരക്ഷണത്തില്‍ നിന്ന് പുറത്താക്കുവാനും തൊഴിലാളി കുടുംബങ്ങളുടെ ചെലവില്‍ അവരുടെ കോടീശ്വരന്മാരായ ദാതാക്കന്മാരെ സമ്പന്നരാക്കുകയും ചെയ്യുകയാണ്. ഈ സമയത്താണ് പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ വിഭജനവും വെറുപ്പും എറിക്കില്‍ പ്രധ്വനിക്കുന്നത്', മംദാനി പറഞ്ഞു. നവംബറില്‍ വോട്ടര്‍മാര്‍ ഇയാളെ നിരസിക്കുമെന്ന് മംദാനി കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കില്‍ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന ഐസിഇ ഉദ്യോഗസ്ഥരുമായി സഹകരിക്കില്ലെന്ന് മംദാനി പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തിയത്. 'ഞങ്ങള്‍ അവനെ അറസ്റ്റ് ചെയ്യും. ഈ രാജ്യത്ത് നമുക്ക് കമ്യൂണിസ്റ്റിനെ ആവശ്യമില്ല. അങ്ങനെയുണ്ടെങ്കില്‍ രാജ്യത്തിന് വേണ്ടി അവരെ സൂക്ഷ്മമായി നിരീക്ഷിക്കും', എന്ന് ട്രംപ് പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends