കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
കറിയില്‍ ഉപ്പ് കൂടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് രാമു രക്ഷപ്പെട്ടെങ്കിലും ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാമുവിനെതിരെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി അറിയിച്ചു.

ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു ബ്രജ്ബാലയെ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്റെ മുകളില്‍ നിന്നും താഴേക്ക് വീണു. വീഴ്ചയില്‍ സാരമായി പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് അലിഗഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിച്ചെങ്കിലും ബ്രജ്ബാല ചികിത്സയ്ക്കിടെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബ്രജ്ബാലയുടെ മരണത്തെ തുടര്‍ന്ന് രാമുവിന് അവിഹിത ബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന്‍ രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു എന്നും സഹോദരന്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ബ്രജ്ബാലയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends