അല്‍ സഫാ സ്ട്രീറ്റില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ശൈഖ് സായിദ് റോഡിലെ അല്‍ സഫ സ്ട്രീറ്റ് ജംങ്ഷന്‍ മുതല്‍ അല്‍ വാസല്‍ സ്ട്രീറ്റ് ജംക്ഷന്‍ വരെ നീളുന്ന 1.5 കിലോമീറ്ററാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. യാത്രാ സമയം ഗണ്യമായി കുറക്കുകയും വാഹനക്ഷമത ഇരട്ടിയാക്കുകയും എമിറേറ്റിലെ ദ്രുതഗതിയിലുള്ള നഗര വികസനത്തെ പിന്തുണക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് പാലങ്ങളും രണ്ട് ടണലുകളും പദ്ധതിയില്‍ നിര്‍മ്മിക്കും. ഇവയ്ക്ക് ആകെ 3,120 മീറ്ററാണ് നീളം. പദ്ധതി പൂര്‍ത്തിയായാല്‍ അല്‍ സഫ സ്ട്രീറ്റിലെ യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയും. സ്ട്രീറ്റില്‍ ഇരുവശത്ത് കൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറില്‍ 6,000 എന്നതില്‍ നിന്ന് 12,000 ആയി ഉയരും. വഴിയാത്രക്കാര്‍ക്കായി പ്രത്യേക വോക്ക്വേ, സൈക്കിള്‍ സവാരിക്കാര്‍ക്കായി പ്രത്യേക ട്രാക്ക് എന്നിവയും നിര്‍മിക്കും.
പദ്ധതിയുടെ ഭാഗമായുള്ള രണ്ടു പാലങ്ങളില്‍ ഒന്നാമത്തേത് അല്‍ വാസല്‍ സ്ട്രീറ്റില്‍ നിന്ന് തുടങ്ങി ശൈഖ് സായിദ് റോഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് എന്നീ ഭാഗത്തേക്കാണ് നിര്‍മിക്കുക. ഈ നാല് വരി പാലത്തിന് നീളം ഒരു കിലോമീറ്ററാണ്. മണിക്കൂറില്‍ 6400 വാഹനങ്ങള്‍ കടന്നു പോകും. രണ്ടാമത്തെ പാലം സത്വ റോഡില്‍ നിന്ന് ശൈഖ് സായിദ് റോഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ്. രണ്ടു വരി പാലത്തിന് 360 മീറ്ററാണ് നീളം. ഇതിലൂടെ മണിക്കൂറില്‍ 2800 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. രണ്ട് ടണലുകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും