ഇന്ത്യ സഹകരിച്ചാല്‍ 'അവരെ' കൈമാറാമെന്ന ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം; രോഷാകുലനായി ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ്

ഇന്ത്യ സഹകരിച്ചാല്‍ 'അവരെ' കൈമാറാമെന്ന ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം; രോഷാകുലനായി ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ്
ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറുന്നതിന് തന്റെ രാജ്യത്തിന് എതിര്‍പ്പില്ലെന്ന പാക് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം വിവാദത്തില്‍. ബിലാവലിന്റെ പരാമര്‍ശത്തിനെതിരെ ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് രംഗത്തെത്തി. ബിലാവലിന്റെ വാക്കുകള്‍ ആഗോള തലത്തില്‍ പാകിസ്ഥാന് അപമാനം വരുത്തിവെച്ചുവെന്നാണ് തല്‍ഹ സയീദിന്റെ പ്രതികരണം.

ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിനെയും ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ 'സഹകരിക്കാന്‍ സന്നദ്ധത' കാണിക്കുകയാണെങ്കില്‍ ഈ വ്യക്തികളെ കൈമാറാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ബിലാവല്‍ പറഞ്ഞത്. 'തീവ്രവാദം ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനായ ഞാന്‍, കൈമാറ്റത്തെ എതിര്‍ക്കില്ല' എന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് നിലവില്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ 33 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. പിടികിട്ടാപ്പുള്ളി മസൂദ് അസ്ഹര്‍ 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണങ്ങള്‍, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേറാക്രമണം എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യ തേടുന്ന പ്രതിയാണ്. കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ 1999-ല്‍ ഇയാളെ ഇന്ത്യ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ 'സഹകരണമില്ലായ്മ' കാരണം അതിര്‍ത്തി കടന്നുള്ള തീവ്രവാദ കേസില്‍ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

'കുറ്റവാളികളെ ശിക്ഷിക്കുന്നതിന് ആവശ്യമായ ചില അടിസ്ഥാന കാര്യങ്ങള്‍ പാലിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നു. ഈ കോടതികളില്‍ തെളിവുകള്‍ ഹാജരാക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയില്‍ നിന്ന് ആളുകള്‍ വന്ന് സാക്ഷ്യപ്പെടുത്തണം.ആ പ്രക്രിയയില്‍ സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെങ്കില്‍, ഏതൊരു വ്യക്തിയെയും കൈമാറുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബിലാവല്‍ പറഞ്ഞു. ഹാഫിസ് സയീദ് പാക് ഭരണകൂടത്തിന്റെ കസ്റ്റഡിയിലാണെന്നും അതേസമയം മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും ബിലാവല്‍ ഭൂട്ടോ കൂട്ടിച്ചേര്‍ത്തു.മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെന്നാണ് കരുതുന്നുതെന്നും അദ്ദേഹം പറഞ്ഞു.

ബിലാവലിന്റെ പരാമര്‍ശത്തോട് രോഷാകുലനായാണ് ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് പ്രതികരിച്ചത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് അത്തരം പ്രസ്താവന നടത്തരുതായിരുന്നു. ഹാഫിസ് സയീദിനെ ഇന്ത്യക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാകിസ്ഥാന് അപമാനം വരുത്തിവെച്ചെന്നും തല്‍ഹ സയീദ് കുറ്റപ്പെടുത്തി. കുടുംബവും മറ്റുള്ളവരും ഹാഫിസ് സയീദിനെ ഇന്ത്യക്ക് കൈമാറുന്നതിനെ നേരത്തെ തന്നെ ശക്തമായി എതിര്‍ത്തതാണെന്നും തല്‍ഹ സയീദ് പറഞ്ഞു

Other News in this category



4malayalees Recommends