ഗുജറാത്തില്‍ പാലം തകര്‍ന്ന സംഭവത്തില്‍ വന്‍ അനാസ്ഥ എന്ന് ആരോപണം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നത് അപകടമായി

ഗുജറാത്തില്‍ പാലം തകര്‍ന്ന സംഭവത്തില്‍ വന്‍ അനാസ്ഥ എന്ന് ആരോപണം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നത് അപകടമായി
ഗുജറാത്ത് വഡോദരയില്‍ പാലം തകര്‍ന്ന സംഭവത്തില്‍ വന്‍ അനാസ്ഥ എന്ന് ആരോപണം. പാലത്തിന്റെ അപകടാവസ്ഥ മൂന്നുവര്‍ഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാന്‍ തീരുമാനമായിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

1985ലാണ് ഗതാഗതത്തിനായി ഈ പാലം തുറന്ന് കൊടുത്തത്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മൂന്നുവര്‍ഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങള്‍ ഇളകി മാറിയതോടെ പുതിയപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. 212 കോടി ഇതിനായി പാസായിട്ടുണ്ട്. എന്നിട്ടും പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങുകയോ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം തടയുകയോ ചെയ്തില്ല.

പാലത്തില്‍ തെരുവു വിളക്കുകളും ഉണ്ടായിരുന്നില്ല. 3 വര്‍ഷത്തിനിടെ ഗുജറാത്തില്‍ തകര്‍ന്നത് 10 പാലങ്ങളാണ്. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരന്തത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം 9 പേരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നത്.

Other News in this category



4malayalees Recommends