ആളുകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതിന് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ചങൂര്‍ ബാബ എന്നറിയപ്പെടുന്ന ജമാലുദ്ദീനെന്നയാളെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാള്‍ നടത്തിയിരുന്ന നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടന്നും ആരോപണമുണ്ട്. ഇത് എല്ലാവരിലും വലിയ ഞെട്ടലുണ്ടാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാനും ആളുകളെ കബളിപ്പിക്കാനുമായി താന്‍ ഒരു സന്യാസിയാണെന്ന് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു.
തെരുവുകളില്‍ മോതിരങ്ങള്‍ വിറ്റുനടന്നിരുന്നയാളാണ് ബാബ. പെട്ടെന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ തുടങ്ങി. പണവും സഹായവും അത്ഭുത രോഗശാന്തിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദരിദ്രരെയും പിന്നാക്ക മേഖലയില്‍ നിന്നുള്ളവരെയുമാണ് ഇയാള്‍ ആകര്‍ഷിച്ചിരുന്നത്. ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, നേപ്പാള്‍ അതിര്‍ത്തിയിലും ദുബായിലും ഇയാള്‍ക്ക് ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഇയാള്‍ക്ക് 106 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 40ല്‍ അധികം ബാങ്ക് അക്കൗണ്ടുകളും ഇയാള്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ പലതും വ്യാജ പേരുകളിലാണ് തുറന്നിരുന്നത്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇയാള്‍ പണം കൈമാറ്റം ചെയ്തതായി പോലീസ് കരുതുന്നു. ഇയാളുടെ കോടികള്‍ വിലമതിക്കുന്ന രണ്ട് സ്വത്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പണം എങ്ങനെയാണ് ചെലവഴിച്ചത് എന്നതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. ആഢംബര വീടുകള്‍, ബംഗ്ലാവുകള്‍, ആഢംബര കാറുകള്‍, ഷോറൂമുകള്‍ എന്നിവ വാങ്ങുന്നതിനായാണ് ഇത് ഉപയോഗിച്ചത്.
ദരിദ്രരായ ആളുകളെയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. മെച്ചപ്പെട്ട ജീവിതം നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി അവരെ ആകര്‍ഷിച്ചു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ജമാലുദ്ദീനും കുടുംബവും ചാന്ദ് ഔലിയ ദര്‍ഗയ്ക്ക് സമീപമാണ് താമസിച്ചിരുന്നതെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൂഫി സന്യാസി ഹസ്രത്ത് ബാബ ജമാലുദ്ദീന്‍ പീര്‍ ബാബ എന്നാണ് ഇയാള്‍ ആളുകളുടെ മുന്നില്‍ സ്വയം ചിത്രീകരിച്ചിരുന്നത്. ഇസ്ലാം മതം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇയാള്‍ ഷജ്ര ഇ തയ്യബ എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.