തരൂരിന്റെ ലേഖനം രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം ; നെഹ്രു കുടുംബത്തിനെതിരായ വിമര്‍ശനം ആയുധമാക്കി ബിജെപിയും

തരൂരിന്റെ ലേഖനം രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം ; നെഹ്രു കുടുംബത്തിനെതിരായ വിമര്‍ശനം ആയുധമാക്കി ബിജെപിയും
ശശി തരൂരിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റു കുടുംബത്തിനെതിരെ വിമര്‍ശനം ശക്തമാക്കി ബിജെപി. തരൂരിന്റെ ലേഖനം രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആര്‍ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂര്‍ പുകഴ്ത്തിയത് അതുകൊണ്ടാണ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാര്‍ട്ടിയെന്നും ആര്‍പി സിംഗ് ചൂണ്ടിക്കാട്ടി. തരൂരിന്റെ ലേഖനം പരമാവധി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേ സമയം തരൂരിന്റെ പുതിയ ലേഖനത്തെയും അവഗണിക്കാനാണ് എഐസിസി തീരുമാനം. അച്ചടക്ക നടപടികളാന്നും സ്വീകരിക്കില്ല.

അടിയന്തരാവസ്ഥയുടെ പേരില്‍ നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് തരൂര്‍ നടത്തിയത്. അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ ശശി തരൂര്‍ ഇന്ത്യയില്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതയാണെന്നും വിമര്‍ശിച്ചു. ആടിയന്തരാവസ്ഥക്ക് കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിര ഗാന്ധിയാണെന്നും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു.

ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

Other News in this category



4malayalees Recommends