'മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുത്'; വിദ്വേഷ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ ബിജെപി നേതാവ്

'മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുത്'; വിദ്വേഷ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ ബിജെപി നേതാവ്
ജമ്മു കശ്മീരിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവും പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ കശ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളത് എന്നുമായിരുന്നു സുവേന്ദു അധികാരിയുടെ വിദ്വേഷ പരാമര്‍ശം. ബംഗാളിലെ എല്ലാ ജനങ്ങളും കശ്മീര്‍ സന്ദര്‍ശിക്കണം എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ ഈ പരാമര്‍ശം.

'ബംഗാളില്‍ നിന്ന് ഒരാള്‍ പോലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് പോകരുത്. പഹല്‍ഗാം ആക്രമണത്തില്‍, നമ്മുടെ ആളുകളെ അവര്‍ തിരഞ്ഞുപിടിച്ച് കൊന്നതാണ്. നിങ്ങള്‍ ഹിമാചലിലേക്ക് പോകൂ, ഉത്തരാഖണ്ഡിലേക്ക് പോകൂ, എന്നാല്‍ കശ്മീരിലേക്ക് മാത്രം പോകരുത്'; എന്നായിരുന്നു സുവേന്ദു അധികാരിയുടെ അധിക്ഷേപ പരാമര്‍ശം.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു സുവേന്ദുവിന്റെ ഈ പരാമര്‍ശം. പഹല്‍ഗാം അക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്ക് സഹായസംഘങ്ങളെ അയച്ചതില്‍ ഒമര്‍ അബ്ദുള്ള മമതയോട് നന്ദി പറഞ്ഞിരുന്നു. ശേഷ മമതയെ കശ്മീരിലേക്ക് ക്ഷണിച്ചു. ഇതിന് പിന്നാലെ സെപ്റ്റബറിലെ ദുര്‍ഗ പൂജ സമയത്ത് താന്‍ കശ്മീരിലേക്ക് വരുമെന്ന് മമത ഉറപ്പ് നല്‍കുകയും ബംഗാള്‍ ജനങ്ങളോടും കശ്മീര്‍ സന്ദര്‍ശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു.

ബംഗാള്‍ ചലച്ചിത്രകാരന്‍മാരോട് കശ്മീരില്‍ സിനിമ ഷൂട്ടിങ്ങുകള്‍ നടത്താനും കാശ്മീരികളായ കലാകാരന്മാരെ നമ്മുടെ ചടങ്ങുകള്‍ക്ക് ക്ഷണിക്കാനും മമത ആവശ്യപ്പെട്ടു. പിന്നാലെയാണ് വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി രംഗത്തെത്തിയത്.

Other News in this category



4malayalees Recommends