വാത്സിങ്ഹാം തീര്‍ത്ഥാടനം ശനിയാഴ്ച; പ്രസുദേന്തിമാരാവാന്‍ അവസരം; ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; ആയിരങ്ങളെ വരവേല്‍ക്കാന്‍ മരിയന്‍ പുണ്യകേന്ദ്രം ഒരുങ്ങി

വാത്സിങ്ഹാം തീര്‍ത്ഥാടനം ശനിയാഴ്ച;  പ്രസുദേന്തിമാരാവാന്‍ അവസരം; ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; ആയിരങ്ങളെ വരവേല്‍ക്കാന്‍ മരിയന്‍ പുണ്യകേന്ദ്രം ഒരുങ്ങി
വാത്സിങ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷ തീര്‍ത്ഥാടനങ്ങളുടെ ഭാഗമായി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതാമത് വാത്സിങ്ഹാം തീര്‍ത്ഥാടനം കൂടുതല്‍ പ്രൗഢിയോടും ആഘോഷപൂര്‍വ്വവും ഭക്തിപുരസ്സരവും ജൂലൈ 19 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ങാമില്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും, മരിയന്‍ പ്രഘോഷണ തിരുന്നാളുമായി സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ശ്രദ്ധേയമാവും.


ആഗോളതലത്തില്‍ 'അനുഗ്രഹങ്ങളുടെ പറുദീസ'യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും, നന്ദി നേരുന്നതിനുമായി നിരവധി ആളുകള്‍ നിത്യേന സന്ദര്‍ശിക്കുകയും , പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മരിയന്‍ സങ്കേതമാണ് വാത്സിങ്ഹാം. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതല്‍ ഭക്തിസാന്ദ്രവും, ആകര്‍ഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.office.com/e/5CmTvcW6p7 ലിങ്കിലൂടെ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടര്‍ന്ന് പത്തേകാലിന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന മരിയന്‍ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാള്‍ കൊടിയേറ്റവും നടക്കും. ഇടവേളയില്‍ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തില്‍ പങ്കെടുക്കേണ്ടതാണ്. ഉച്ചക്ക് ഒന്നേമുക്കാലിന് SMYM മിനിസ്ട്രിയുടെ 'സമയം ബാന്‍ഡ്' ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്.


ഉച്ചക്ക് രണ്ടേകാലിന് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടില്‍, ചാന്‍സലര്‍ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, ജുഡീഷ്യല്‍ വികാരി റവ. ഡോ. വിന്‍സന്റ് ചിറ്റിലപ്പള്ളി, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ജോ മാത്യു VC കൂടാതെ മിഷനുകളില്‍ നിന്നുള്ള വൈദികരും സഹകാര്‍മ്മികരായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും.


സാധാരണയായി തീര്‍ത്ഥാടനത്തില്‍ എത്തുമ്പോള്‍ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിര്‍ദ്ദേശം ഫലം കാണും.


തീര്‍ത്ഥാടകര്‍ക്കായി മിതമായ വിലയില്‍ രുചികരമായ ചൂടുള്ള നാടന്‍ വിഭവങ്ങള്‍ ഒരുക്കാന്‍ രണ്ടു മലയാളി സ്റ്റാളുകള്‍ തീര്‍ത്ഥാടന വേദിയില്‍ ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടകാറായ വന്‍ജനാവലിയുടെ തിരക്കിനിടയില്‍ താമസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്സും സൗകര്യം ഒരുക്കുന്നുണ്ട്. വാത്സിങ്ങാമില്‍ ഇന്റര്‍നെറ്റിന്റെ ലഭ്യത കുറവായതിനാല്‍ ഭക്ഷണം വാങ്ങുന്നവര്‍ കാഷ് കൊണ്ടുവരുവാന്‍ കാറ്ററേഴ്‌സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ഏവരെയും സ്‌നേഹപൂര്‍വ്വം വാത്സിങ്ഹാം തീര്‍ത്ഥാടനത്തിരുന്നാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി തീര്‍ത്ഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കല്‍ അറിയിച്ചു.


For Prasudenthi Registration : https://forms.office.com/e/5CmTvcW6p7


Caterers Contacts:


Indian Food Club-07720614876,

Jacob's Caterers - 07869212935


Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL


Other News in this category



4malayalees Recommends