ഇറക്കുമതി തീരുവ വിഷയത്തില്‍ വിട്ടുവീഴ്ചയില്ല ; നാളെ മുതല്‍ ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ നടപ്പാക്കുമെന്ന് അമേരിക്ക

ഇറക്കുമതി തീരുവ വിഷയത്തില്‍ വിട്ടുവീഴ്ചയില്ല ; നാളെ മുതല്‍ ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ നടപ്പാക്കുമെന്ന് അമേരിക്ക
ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടില്‍ അമേരിക്ക. 50% താരിഫില്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 27 മുതല്‍ 50% താരിഫ് നടപ്പാക്കും. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നല്‍കിയത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മര്‍ദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ന് ലോകത്ത് സാമ്പത്തിക സ്വാര്‍ത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികള്‍ക്കെതിരെ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ അറിയിച്ചു.

Other News in this category



4malayalees Recommends