സൗദിയില്‍ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകര്‍ പിടിയില്‍

സൗദിയില്‍ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകര്‍ പിടിയില്‍
തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 20,319 നിയമലംഘകര്‍ പിടിയിലായി. ആഗസ്റ്റ് 22 മുതല്‍ 28 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 12,891 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 3,888 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും 3,540 തൊഴില്‍ നിയമലംഘകരുമാണ്.

രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,238 പേര്‍ അറസ്റ്റിലായി. ഇവരില്‍ 50 ശതമാനവും യമനി പൗരന്മാരാണ്. 49 ശതമാനം എത്യോപ്യന്‍കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 22 പേര്‍ അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 16 പേര്‍ വേറെയും പിടിയിലായിട്ടുണ്ട്. നിലവില്‍ നടപടികള്‍ നേരിടുന്ന 27,417 നിയമലംഘകരില്‍ 24,870 പുരുഷന്മാരും 2,547 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 20,916 പേരെ അവരുടെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു.

ഇവരില്‍ 1,786 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി 11,279 പേരെ നാടുകടത്തുകയും ചെയ്തു.

Other News in this category



4malayalees Recommends