'കസ്റ്റഡി മര്‍ദനം ഒതുക്കാന്‍ 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു, മര്‍ദിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തില്ല, ചുമത്തിയത് ദുര്‍ബല വകുപ്പെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത്
തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കസ്റ്റഡി മര്‍ദ്ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് മര്‍ദ്ദനമേറ്റ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മര്‍ദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പിന്‍തിരിയുകയായിരുന്നു. ഇപ്പോള്‍ റെവന്യൂ വകുപ്പിലാണ് സുഹൈര്‍ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന്, കാരണം തിരക്കാന്‍ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മര്‍ദനത്തിന് ഇരയാവാന്‍ കാരണം.
പ്രതികള്‍ക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാര്‍ക്ക് രക്ഷപെടാന്‍ പഴുതേറെയിട്ട് എടുത്ത കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷന്‍ 3 വര്‍ഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇന്‍ക്രിമെന്റും 2 വര്‍ഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടര്‍ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.
പൊലീസ് കസ്റ്റഡി മര്‍ദ്ദനം ശരിവച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവര്‍ ചേര്‍ന്ന് അതിക്രൂരമായിട്ടാണ് സുജിത്തിനെ മര്‍ദിച്ചത്.