ടിസി നല്‍കിയില്ല, ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുക്ക് കോളേജ് ചെയര്‍മാന്‍ ; വിവാദം

ടിസി നല്‍കിയില്ല, ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുക്ക് കോളേജ് ചെയര്‍മാന്‍ ; വിവാദം
ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ അമ്മയ്ക്ക് നേരെ കോളേജ് ചെയര്‍മാന്റെ അതിക്രമം. നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം.

കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയിലാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത്. ഗംഗാവതിയിലെ ബിബിസി നഴ്‌സിങ് കോളേജില്‍ ഒന്നാംവര്‍ഷ ബിഎസ്‌സി നഴ്‌സിങിന് പ്രവേശനം നേടിയ കാവേരി എന്ന വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ താലിമാലയാണ് കോളേജ് ചെയര്‍മാന്‍ പൊട്ടിച്ചെടുത്തത്. 10,000 രൂപ നല്‍കി കോളേജില്‍ പ്രവേശനം നേടിയപ്പോള്‍ മിച്ചമുള്ള 90,000 രൂപ പിന്നീട് നല്‍കാമെന്ന് വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും സമ്മതിച്ചിരുന്നു.

ഇതിനിടെ കാവേരിക്ക് സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ പ്രവേശനം ലഭിച്ചു. അഡ്മിഷനായി ടിസി ആവശ്യപ്പെട്ടപ്പോള്‍ 90,000 രൂപ അടയ്ക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു കോളേജ് അധികൃതര്‍. കൈവശം പണമില്ലെന്നും ടിസി നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് കോളേജ് ഉടമ കൂടിയായ ചെയര്‍മാന്‍, ഡോക്ടര്‍ സി ബി ചിന്നിവാല കാവേരിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തത്. പണം നല്‍കിയാലേ താലിമാല തിരിച്ചു നല്‍കൂ എന്ന് ഡോക്ടര്‍ സി ബി ചിന്നിവാല വ്യക്തമാക്കിയതായി കാവേരിയും മാതാപിതാക്കളും ആരോപിച്ചു.

ബിബിസി നഴ്‌സിംഗ് കോളേജ് ചെയര്‍മാന്റെ ഈ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഡോക്ടര്‍ സി.ബി ചിന്നിവാലക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. ടിസി നല്‍കുന്നില്ലെന്നും താലിമാല പൊട്ടിച്ചെടുത്തു എന്നും കാണിച്ച് കാവേരിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Other News in this category



4malayalees Recommends