ഇതെന്ത് പണിയാണ് കാണിച്ചത്! ഖത്തറിലെ ഹമാസ് നേതാക്കള്‍ക്ക് എതിരായ ഇസ്രയേല്‍ അക്രമത്തെ അപലപിച്ച് സ്റ്റാര്‍മര്‍; നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞെന്ന ആരോപണം തള്ളി നം.10

ഇതെന്ത് പണിയാണ് കാണിച്ചത്! ഖത്തറിലെ ഹമാസ് നേതാക്കള്‍ക്ക് എതിരായ ഇസ്രയേല്‍ അക്രമത്തെ അപലപിച്ച് സ്റ്റാര്‍മര്‍; നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞെന്ന ആരോപണം തള്ളി നം.10
സഖ്യകക്ഷികളെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് ഖത്തറില്‍ ഇസ്രയേല്‍ ഹമാസ് നേതൃത്വത്തിന് എതിരായ അക്രമം നടത്തിയത്. ഇപ്പോള്‍ വ്യോമാക്രമണത്തെ അപലപിച്ച് യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തിയിരിക്കുകയാണ്. ലണ്ടനില്‍ ഇസ്രയേല്‍ പ്രസിഡന്റിനെ കാണുന്നതിന് മുന്‍പായിരുന്നു സ്റ്റാര്‍മറുടെ പ്രസ്താവന.

ദോഹയില്‍ തങ്ങുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചുള്ള സൈനിക അക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് യുകെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. കൂടാതെ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ കടുപ്പിക്കുന്ന തരത്തിലേക്കാണ് ഈ നീക്കങ്ങള്‍ സഹായിക്കുക.

'അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. കൂടാതെ ബന്ദികളെ വേഗത്തില്‍ വിട്ടയയ്ക്കണം, ഗാസയിലേക്ക് സഹായങ്ങളും എത്തണം. ദീര്‍ഘകാല സമാധാനത്തിന് ഇത് മാത്രമാണ് പരിഹാരം', സ്റ്റാര്‍മര്‍ എക്‌സില്‍ കുറിച്ചു.

ഹമാസ് തീവ്രവാദ സംഘടനയുടെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യം വെച്ച് പ്രിസിഷന്‍ സ്‌ട്രൈക്ക് നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലും, ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ ഖത്തര്‍ അക്രമത്തെ ശക്തമായി അപലപിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നുണ്ടെങ്കിലും ഉന്നത നേതൃത്വത്തിലുള്ളവര്‍ രക്ഷപ്പെട്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ അക്രമത്തെ കുറിച്ച് തങ്ങള്‍ മുന്‍ധാരണ ഉണ്ടായില്ലെന്ന് നം.10 അവകാശപ്പെട്ടു. സ്വതന്ത്രമായ ഓപ്പറേഷനാണ് നടന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. എന്നാല്‍ അക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് മുന്‍കൂര്‍ വിവരം ലഭിച്ചതായി വൈറ്റ്ഹൗസ് അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends