ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു

ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 31കാരനാണ് ചാര്‍ലി കിര്‍ക്ക്. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനാണ് ചാര്‍ലി.

'അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാര്‍ലിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലായില്ല, ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടത്' എന്ന് ട്രംപ് പ്രതികരിച്ചു. ഞായറാഴ്ച വരെ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. വെടിയേറ്റതിന് പിന്നാലെ കിര്‍ക്ക് കഴുത്തില്‍ മുറുകെ പിടിച്ചിരിക്കുന്നതിന്റെയും മുറിവില്‍ നിന്ന് രക്തം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവവുമായി ബന്ധമുണ്ടെന്ന് കരുതിയ ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പരിപാടിയില്‍ സുരക്ഷ വളരെ കുറവായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. കാമ്പസ് കര്‍ശന സുരക്ഷയിലാണ്.

Other News in this category



4malayalees Recommends