എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്.
വെള്ളാപ്പള്ളിയെ പിണറായി എങ്ങനെ ചാക്കിട്ടുവെന്ന് തനിക്ക് അറിയാം. പക്ഷെ കുറ്റപ്പെടുത്തുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. പിണറായി തന്റെ വാഹനത്തില്‍ ഭാര്യയേയും മക്കളേയും മാത്രമേ കയറ്റാറുള്ളൂ. ആദ്യമായിട്ടാണ് പുറത്തുനിന്ന് ഒരാള്‍ വാഹനത്തില്‍ കയറിയതെന്നും പിസി ജോര്‍ജ് പറഞ്ഞു.
അടുത്ത ഭരണം വരുമ്പോള്‍ പിണറായി സെന്‍ട്രല്‍ ജയലില്‍ പോകുമെന്നും പി സി ജോര്‍ജ് പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് മാറ്റത്തില്‍ ദുഃഖിതനാണെന്നും സുകുമാരന്‍ നായര്‍ എങ്ങനെ ഈ അബദ്ധം കാണിച്ചുവെന്ന് അറിയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിജെപി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എത്തിയത്. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ആഗോള സംഗമത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. ആഗോള സംഗമം നടത്താനുള്ള തീരുമാനം മികച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്നുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം വിവാദമായിരുന്നു.