'അവര്‍ തമ്മില്‍ ആയിക്കോട്ടെ, നമ്മള്‍ കക്ഷി ചേരുന്നില്ല'; ഷാഫിയ്‌ക്കെതിരായ സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ എ കെ ബാലന്‍
ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ താന്‍ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങള്‍ അവര്‍ തമ്മില്‍ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലന്‍.
ആരോപണം ഉന്നയിച്ചയാളുടെ കെയ്യില്‍ തെളിയിക്കാനുള്ള തെളിവും ഉണ്ടാവും. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചയാളാണല്ലോ അക്കാര്യങ്ങള്‍ പറയേണ്ടത്. എനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഞാന്‍ പറയില്ലേ. എന്റെ കയ്യില്‍ രേഖ ഉണ്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ രേഖയുള്ളതുകൊണ്ടാണല്ലോ അത് പറഞ്ഞിട്ടുണ്ടാവുക. അത് അവര്‍ തമ്മില്‍ ആയിക്കോട്ടെ. അതില്‍ നമ്മള്‍ കക്ഷി ചേരുന്നില്ല, എ കെ ബാലന്‍ പറഞ്ഞു.