കാമുകിയെ കാണാന്‍ പോയ യുവാവ് മതില്‍ചാടവേ വൈദ്യുതാഘാതമേറ്റ് മരിച്ചു ; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം

കാമുകിയെ കാണാന്‍ പോയ യുവാവ് മതില്‍ചാടവേ വൈദ്യുതാഘാതമേറ്റ് മരിച്ചു ; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം
ഒഡീഷയില്‍ കാമുകിയെ കാണാന്‍ പോയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബിശ്വജിത് ബെഹ്റ എന്ന യുവാവാണ് മരിച്ചത്. മതില്‍ ചാടിക്കടന്ന് കാമുകിയുടെ വീടിന്റെ വളപ്പിലേക്ക് കടക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

എന്നാല്‍, ബിശ്വജിത്തിന്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. യുവാവ് കാമുകിയുടെ ക്ഷണം സ്വീകരിച്ചാണ് അവിടെയെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

സെപ്റ്റംബര്‍ 28-ന് രാത്രിയിലാണ് സംഭവം. കാമുകിയുടെ ക്ഷണപ്രകാരം അവളെ കാണാന്‍ പോയ ബിശ്വജിത്, കെട്ടിടത്തിലേക്ക് കടക്കാനായി മതില്‍ ചാടിക്കടക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ തട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ധെങ്കനാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ബിശ്വജിത് തന്റെ കാമുകിയെ കാണാന്‍ പോകുന്നതിനു മുന്‍പ് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. സുഹൃത്ത് വരാന്‍ വിസമ്മതിച്ചതോടെ ബിശ്വജിത്ത് ഒറ്റയ്ക്ക് പോയി. പിന്നീട്, കാമുകി സുഹൃത്തിനെ വിളിച്ച് വീടിന് പിന്നില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് അറിയിച്ചു. സുഹൃത്ത് സ്ഥലത്തെത്തിയപ്പോള്‍ വൈദ്യുത കമ്പിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ ബിശ്വജിത്തിനെ കണ്ടെത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തിനും വൈദ്യുതാഘാതമേറ്റു.

ബിശ്വജിത്തിനെ കാമുകി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍, മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends