ഹൈദരാബാദില്‍ മെറ്റല്‍ നിറച്ച ലോറിയും ബസും കൂട്ടിയിടിച്ച് 24 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്ക്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ് ബിജാപൂര്‍ ഹൈവേയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലേക്കാണ് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ നിറച്ച ലോറി ഇടിച്ചുകയറിയത്.
ബസില്‍ 70 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്ന മെറ്റല്‍ ബസിലേക്ക് വീണു. നിരവധി യാത്രക്കാര്‍ അതിനടിയിലായി. മെറ്റലില്‍ കുടുങ്ങി അനങ്ങാനാകാതെ സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മരിച്ചവരില്‍ പത്തു പേര്‍ സ്ത്രീകളാണ്. പത്തുമാസം പ്രായമായ കുഞ്ഞിനും ജീവന്‍ നഷ്ടമായി. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.