അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ മുന്നേറ്റം. ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് 34-കാരനായ സൊഹ്റാന്‍ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്റാന്‍ മംദാനിയുടെ അഭിമാനകരമായ നേട്ടം.
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍. ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം ഏഴാം വയസ്സില്‍ ന്യൂയോര്‍ക്കിലെത്തി. സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ന്യൂയോര്‍ക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകര്‍ഷിച്ച മംദാനിയുടെ പ്രചാരണത്തിന് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കള്‍ പിന്തുണ നല്‍കിയിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറല്‍ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നല്‍കി. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.