അഞ്ചു ദിവസം തുടര്‍ച്ചയായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുമോ ? ഈ പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും കീഴടങ്ങാനില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി

അഞ്ചു ദിവസം തുടര്‍ച്ചയായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുമോ ? ഈ പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും കീഴടങ്ങാനില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി
രോഗികളെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരങ്ങളുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശമ്പളവര്‍ധന ഓഫര്‍ നിരസിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. വിന്റര്‍ സീസണില്‍ തിരക്കേറിയ സമയത്തുള്ള സമരം രോഗികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും സമരവുമായി മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപനം. ഈ മാസം അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജനങ്ങളെ കഷ്ടത്തിലാക്കുകയാണെന്ന് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നത്.

ബുധനാഴ്ച ബിഎംഎയ്ക്ക് മുന്നില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നില്‍വച്ചുകൊണ്ട് സമരങ്ങള്‍ ഒഴിവാക്കാമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിച്ചത്.

'28.9 ശതമാനം ശമ്പളവര്‍ധന വളരെ കുറവായിട്ടാണ് ബിഎംഎ കരുതുന്നത്. നികുതിദായകര്‍ സഹിക്കുന്ന ത്യാഗങ്ങളെ അവര്‍ കണക്കാക്കുന്നില്ല. ഡോക്ടര്‍മാരെ അപേക്ഷിച്ച് വളരെ കുറവ് ശമ്പളം നല്‍കുന്ന മറ്റ് എന്‍എച്ച്എസ് ജീവനക്കാരോട് ഉള്ള എന്റെ ഉത്തരവാദിത്വവും ആരും മനസിലാക്കുന്നില്ല. ഇവര്‍ എന്‍എച്ച്എസിനെയും, രാജ്യത്തെയും ബന്ദികളാക്കുകയാണ്. ഈ പെരുമാറ്റത്തിന് കീഴടങ്ങാന്‍ കഴിയില്ല',സ്ട്രീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സ്ട്രീറ്റിംഗും, യൂണിയനും തമ്മിലുള്ള പോര് മുറുകിയതോടെ നവംബര്‍ 14 മുതല്‍ 19 വരെ നിശ്ചയിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ സമരം മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5.4 ശതമാനം വര്‍ധനവിന് പുറമെ കൂടുതല്‍ സ്പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റും, നിര്‍ബന്ധിത പരീക്ഷകളുടെയും, മെംബര്‍ഷിപ്പ് ഫീസിന്റെയും ചെലവ് വഹിക്കല്‍ എന്നിവയാണ് ഗവണ്‍മെന്റ് പുതുതായി മുന്നോട്ട് വെച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9 ശതമാനം വര്‍ധന റസിഡന്റ് ഡോക്ടര്‍മാര്‍ സ്വന്തമാക്കിയതായി ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും അടിയന്തര സമയത്തുള്ള സമര നീക്കത്തില്‍ രോഗികളും നിരാശയിലാണ്. വിന്റര്‍ സമയത്തുള്ള തിരക്കില്‍ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.

Other News in this category



4malayalees Recommends