അമ്മ എന്നെ ആ സ്‌കൂളിലേക്ക് വിടല്ലേയെന്ന് കുട്ടി... 9 കാരി സ്‌കൂളിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
സ്‌കൂളില്‍ നേരട്ട കളിയാക്കലുകളും ലൈംഗീക ചുവ കലര്‍ന്ന പരിഹാസവും സഹിക്കാന്‍ വയ്യാതെ 9 കാരി ജീവനൊടുക്കി. ജയ്പൂരിലെ നീര മോഡി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ സഹപാഠികളില്‍ നിന്നുണ്ടായ അധിക്ഷേപങ്ങളാണ് അമെയ്‌റയെന്ന പെണ്‍കുട്ടിയെ തകര്‍ത്തുകളഞ്ഞത്. സ്‌കൂള്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ചാടുന്നതിന് രണ്ടു മിനിറ്റ് മുമ്പ് രണ്ടു പ്രാവശ്യം കുട്ടി ക്ലാസ് ടീച്ചറിന് സമീപത്തേക്ക് ചെല്ലുന്നതും സംസാരിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. അതേസമയം കുട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ അധ്യാപിക തയ്യാറായിട്ടില്ല.
സ്‌കൂളില്‍ കുട്ടികളുടെ പരിഹാസം സഹിക്കാവുന്നതിന് അപ്പുറമാണെന്ന് മകള്‍ വീട്ടില്‍ വന്ന് കരഞ്ഞു പറഞ്ഞുവെന്ന് അമ്മ ശിവാനി പറയുന്നു. ആ സ്‌കൂളിലേക്ക് വിടരുതേയെന്ന് മകള്‍ കരയുന്നതിന്റെ ശബ്ദ സന്ദേശമടക്കം സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടില്ലും അധികൃതര്‍ പരിഗണിച്ചില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്നാണ് പറഞ്ഞതെന്നും ശിവാനി പറയുന്നു.
അയ്യായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കൈവരികളോ സുരക്ഷാ നെറ്റുകളോ ഇല്ലാത്തത് എങ്ങനെയാണെന്നും മുകള്‍നിലയിലേക്ക് കുട്ടികള്‍ കയറിയത് എങ്ങനെയെന്നും സിസിടിവിയ്ക്ക് ദൃശ്യമില്ലാത്തതും ദൃശ്യം പുറത്തുവിടാത്തതും സംശയകരമാണെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.