ദില്ലി ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷനിലുള്ള ഐ 20 കാര്‍ പുല്‍വാമ സ്വദേശി വാങ്ങിയത് കഴിഞ്ഞ മാസം
ദില്ലി ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷനിലുള്ള ഐ 20 കാര്‍ പുല്‍വാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നെന്ന് പൊലീസ്. ഇയാളുടെ പുല്‍വാമയിലെ വീട്ടില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ആസൂത്രിത ആക്രമണമെന്ന് മന്ത്രി ജിതിന്റാം മാഞ്ചി ആരോപിച്ചു. കാര്‍ വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്നാണ് ഹരിയാനയിലെ മുന്‍ കാറുടമ മൊഴി നല്‍കിയിരുന്നത്. പിന്നീട് കാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നുമാണ് മൊഴി. കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് എന്നാണ് വിവരം. ഇയാളുടെ വീട്ടിലാണിപ്പോള്‍ പരിശോധന നടത്തുന്നത്. ഹരിയാനയില്‍ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുള്ളതായും സംശയമുണ്ട്.
ഇതിനിടെ, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്റെ ഭാഗമായി വെള്ള കര്‍ട്ടന്‍ കൊണ്ട് മൂടിയിട്ടുണ്ട്. സ്‌ഫോടനം കാരണം റോഡില്‍ കുഴിയൊന്നും ഉണ്ടായില്ല. മരിച്ചവരുടെ ശരീരത്തില്‍ ചീളുകള്‍ കയറിയതായി കാണുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. അമേരിക്കയും ബ്രിട്ടണും ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യത്തുടനീളമുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്നാണ് എംബസികള്‍ അറിയിച്ചിരിക്കുന്നത്.