ഡല്‍ഹി സ്‌ഫോടനം; പൊട്ടിത്തെറിച്ച ഐ 20 കാറിന്റെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി സ്‌ഫോടനം; പൊട്ടിത്തെറിച്ച ഐ 20 കാറിന്റെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊട്ടിത്തെറിച്ച ഐ20 കാറിന്റെയും ഡ്രൈവറിന്റെയും അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിഎന്‍എന്‍-ന്യൂസ് 18-ന് ലഭിച്ച ദൃശ്യങ്ങളിലും വീഡിയോയിലും, നവംബര്‍ 10-ന് വൈകുന്നേരം 6.22-ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാര്‍ ഓടിച്ചുപോകുന്ന ഒരാളെ കാണാം. സംഭവം നടക്കുന്നതിന് മുന്‍പ് ഇയാള്‍ ഒരു ബന്ധുവിനെ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നാണ് സൂചന. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനത്തില്‍പ്പെട്ട ഐ20 കാര്‍ വൈകുന്നേരം 3.19 മുതല്‍ 6.48 വരെ ഏകദേശം മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 6.52-നാണ് ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്‌ഫോടനം ഉണ്ടായത്. മെട്രോ സ്റ്റേഷന് സമീപമുള്ള സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്‌നലില്‍ പോകുകയായിരുന്ന ഹ്യൂണ്ടായ് ഐ20 കാര്‍ നിര്‍ത്തുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് തന്നെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എഎന്‍ഐയോട് സ്ഥിരീകരിച്ചു. 'വൈകുന്നേരം 7 മണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യൂണ്ടായ് ഐ20-യില്‍ സ്‌ഫോടനമുണ്ടായത്. ചില കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്തെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചില ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരം ലഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘങ്ങള്‍ സ്ഥലത്തെത്തി,' അദ്ദേഹം പറഞ്ഞു. നിരവധി സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍ഐഎ, എഫ്എസ്എല്‍ ഉള്‍പ്പെടെയുള്ള ഫോറന്‍സിക്, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച സ്ഥിരീകരിച്ചു. അതേസമയം, ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ 15 പേരെയാണ് എത്തിച്ചതെന്നും അതില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയിലും ഒരാള്‍ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends