ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് കിലോയിലധികം മയക്കുമരുന്നാണ് പിടികൂടിയത്.
യാത്രക്കാരിയുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതാണ് കണ്ടെത്തലിലേക്ക് നയിച്ചത്. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത രഹസ്യ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കളില്‍ 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനും അടങ്ങിയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.